ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്

ബസില്‍ വച്ചാണ് അവര്‍ ആദ്യമായി കണ്ടത്‌ നില്‍ക്കാനിടമില്ലാതെ വിഷമിച്ച അവള്‍ കയ്യിലിരുന്ന തുകല്‍ ബാഗ്‌ അയാളുടെ മടിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഓരോ തവണ തന്‍റെ ബാഗിന്‍റെ സ്ഥാനം പരിസോധിക്കുംപോഴും അവള്‍ അയാളെ നോക്കി ചിരിച്ചു. ചോക്ലേറ്റ്  മുഖത്ത് വെണ്മ വിരിക്കുന്ന മനോഹരമായ ചിരി. ഈ യാത്ര അനന്തമായി തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് മോഹിച്ചു കൊണ്ടു അവളുടെ മൃദുവായ തുകല്‍ ബാഗില്‍ തഴുകി അയാള്‍ ഇരുന്നു. മോഹസാക്ഷാത്കാരങ്ങളുടെ ദൈവം ഇടപെട്ടത് കൊണ്ടാവാം 'ഠേ' എന്ന ശബ്ദം കേട്ടത്. ടയര്‍ മാറ്റുന്നതിനിടെ ചിലര്‍ പുറത്തിറങ്ങി, മറ്റു ചിലര്‍ ചായ എന്ന പേരില്‍ ചില ചായക്കൂട്ടുകള്‍ കുടിച്ചു. അയാള്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ ഒപ്പം ചേര്ന്നു. എല്ലാവരില്‍ നിന്നും കുറച്ചകന്നു ഒരു വാഴയില തണലില്‍ അയാള്‍ തലയും ഉടലും സംരക്ഷിച്ചു. അതേ വാഴയുടെ മറ്റൊരില അവളുടെ പുഞ്ചിരികള്‍ക്ക്‌ തണുപ്പേകി.
'എന്താ പേര് ?'
തുകല്‍ബാഗിന്‍റെ ഗണ്ഡം പകര്‍ന്ന ധൈര്യത്തില്‍ അയാള്‍ ചോദിച്ചു
'ജ്വാല'
'ഒട്ടും ചേരില്ല, ദിവ്യ എന്ന് വിളിക്കും ഞാന്‍'
അവള്‍ ചിരിച്ചു. തീര്ത്തും പുതിയൊരു ചിരി. സ്ത്രീത്വത്തിന്റെ സകല മൃദുല ഭാവങ്ങളും അയാളതില്‍ ദര്‍ശിച്ചു. തുകല്‍ ബാഗ്‌ അയാള്‍ ഹൃദയത്തോട് ചേര്ത്തു പിടിച്ചു.
'എന്താ പേര് ? അല്ലെങ്ങില്‍ പറയണ്ട, നിര്‍മല്‍ എന്ന് വിളിക്കാം ഞാന്‍..'
അവള്‍ പറഞ്ഞു. അയാള്‍ തലയാട്ടി
'അയ്യോ ബസ്സ് പോകുന്നല്ലോ'
അവള്‍ കൈ ചൂണ്ടി
'പോട്ടെ, നമുക്കടുത്ത ബസിനു പോകാം.. പോരെ ?'
അവള്‍ തല കുലുക്കി
'ഈ മുഖം, ഇതാന്വേഷിച്ച്ചായിരുന്നു ഞാന്‍ ഇരുപതു വര്ഷം അലഞ്ഞത്..'
'ഞാനും, പതിനഞ്ചു വര്ഷം..'
'ഞാനൊരു ബാഗ്‌ വാങ്ങി തരാം, പകരം എനിക്കിതു തരുമോ ?'
അയാളുടെ ചോദ്യത്തിന് മറുപടിയില്ലാതെ അവള്‍ അയാളെ നോക്കി. അവളുടെ കണ്ണുകളില്‍ അപ്പോള്‍ കണ്ട ഭാവം ഏറ്റവും മഹത്തായ സ്ത്രീഭാവമാണെന്നു അയാള്‍ നിരീക്ഷിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അയാളുടെ മുഖം വിവര്‍ണമായി
'എന്ത് പറ്റി ?'
അവള്‍ ചോദിച്ചു
'എനിക്കൊരു കുറവുണ്ട്.., ഞാന്‍ വിവാഹിതനാണ് '
അയാള്‍
കുമ്പസാരിച്ചു
'പ്രവൃത്തി പരിചയം ഒരു കുറവാണോ, യോഗ്യതയല്ലേ ?'
അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി. ഒരു പൊട്ടനെ പോലെ ചിരിച്ചു
'നമുക്കൊന്നിക്കാം, ഒന്നിക്കണം.. '
നിശ്ചയത്തോടെ അവള്‍ പറഞ്ഞു
ഒരു വര്ഷം വേണം എനിക്ക്. കെട്ടുപാടുകള്‍ വലിച്ചെറിയണം, നിയമപരമായി തന്നെ.. '
ഗൌരവത്തില്‍ അയാള്‍ പറഞ്ഞു
'എടുത്തോളൂ.. എനിക്കൊന്നര വര്‍ഷത്തോളം വേണ്ടി വരും..'
ഗഹനമായി ചിന്തിച്ചു തല കുലുക്കി കൊണ്ടു അവള്‍ പറഞ്ഞു
'എന്തിനാ ഒന്നര വര്ഷം ?'
'ആദ്യം ഡെലിവറി കഴിയട്ടെ, അത് കഴിഞ്ഞേ എനിക്ക് ഡൈവോര്സ് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ പറ്റൂ.. കുട്ടിക്ക് വേണ്ടി നമ്മള്‍ ക്ലെയിം ചെയ്യണോ ?'
'ചെയ്യാം.. എക്സ്പിരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്തിന് വേണ്ടെന്നു വെക്കണം ?'