ചൊവ്വാഴ്ച, ജനുവരി 19, 2010

മൃത്യുവഴി

പരീക്ഷയില്‍ തോറ്റവര്‍ക്കും
പ്രിയനാല്‍ പിരിഞ്ഞവര്‍ക്കു
മച്ഛന്‍ കണ്ണുരുട്ടിയാലു
മൊരേ വഴിയതു മരണം

രണ്ട്‌ പറ വിളയും
പാടത്താഞ്ഞടിക്കുമുഷ്ണക്കാറ്റും
പേമാരിയും പറയനോട്
ചൊല്ലുന്നതും മരണം

പാര്‍ലറില്‍ തുടങ്ങി,
വാടക മുറിയില്‍ കുടുങ്ങി,
മടിക്കു കനം വക്കും പെണ്ണി
നൊരു തുരുത്തത് മരണം

രോഗകോശങ്ങള്‍ കാര്‍ന്ന
ദേഹമത് മനമൊടും
തിരിച്ചും മന്ദ്രിക്കുന്നു,
വയ്യ.. നല്ല മരണം

ചെയ്തു തീര്‍ത്തെന്ന നിറവില്‍
ആരുമില്ലെന്നയറിവില്‍
തിമിരാന്ധമാം ദൃശ്യങ്ങളില്‍
തെളിയുന്നു മരണം..

തിങ്കളാഴ്‌ച, ജനുവരി 04, 2010

അപ്പു എന്ന ഫയല്‍

അപ്പു എന്ന ഫയല്‍ അപ്പു ഓപ്പണ്‍ ചെയ്തു. ഏറ്റവും അവസാനമെടുത്ത അപ്പുവിന്റെ ഒരു കളര്‍ ഫോട്ടോ ആയിരുന്നു ആ കമ്പ്യൂട്ടര്‍ ഫയലില്‍.

അപ്പുവിന്റെ മൂക്കിന് അല്‍പ്പം ആര്‍ട്ട് വര്‍ക്ക് ആവശ്യമാണെന്ന് അപ്പുവിന് എന്നേ അറിയാവുന്നതാണ്. ഗ്രാഫിക് ഡിസൈനിങ്ങില്‍ ജ്ഞാനമുള്ള അപ്പുവിനത് വലിയൊരു കാര്യമല്ല. മനസിനിണങ്ങിയ ചില പരിവര്‍ത്തനങ്ങള്‍ അപ്പു മൂക്കില്‍ വരുത്തി.

അപ്പുവിന്റെ അച്ഛന്റെ കണ്ണുകള്‍ക്ക്‌ തീരെ ഭംഗി പോര. അപ്പുവിന്റെ കണ്ണുകള്‍ക്കും ചില ജനിതക സൂത്രവാക്യങ്ങളെ അനുസരിക്കേണ്ടതായി വന്നു. അപ്പു കണ്ണുകള്‍ക്കല്‍പ്പം വിടര്‍ച്ച കൂട്ടി, കൃഷ്ണമണിയില്‍ കളര്‍ടൂളുപയോഗിച്ച് കാന്തി വര്‍ദ്ധിപ്പിച്ചു.

പണ്ട് രണ്ടാംതരത്തില്‍ പഠിക്കുമ്പോള്‍ നീതു എന്ന പെണ്‍കുട്ടി എന്തോ പറഞ്ഞ് പ്രലോഭിപ്പിച്ച് അപ്പുവിനെ കമ്പോസ്റ്റ് കുഴിയുടെ അരികില്‍ കൊണ്ട് ചെന്ന് കുഴിയിലേക്ക് തള്ളിയിട്ടു. അന്ന് പുരികത്തിലുണ്ടായ മുറിവിന്റെ പഴഞ്ചന്‍ പാട് ഇരൈസ് ചെയ്ത് അവിടെ പുരികം ഫില്ല് ചെയ്തു.

ചിരി മനോഹരമാകണമെങ്കില്‍ ചുണ്ടുകളുടെ ആകൃതിയും പല്ലുകളുടെ അനുപാതവും ശരിയായിരിക്കണം, അല്ലാതെ അനിമേഷന്‍ കാര്ട്ടൂണിലെ നായകനെ പോലെ ചിരിച്ചാലോ? അത് ശരിയാക്കാന്‍ അപ്പു നന്നേ കഷ്ട്പ്പെട്ടു.

കേശാലങ്കാരത്തെ പറ്റി അപ്പുവിന് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് പറഞ്ഞിട്ടെന്ത് ? ചുരുണ്ട് അനുസരണ ലവലേശമില്ലാത്ത അപ്പുവിന്റെ മുടിയില്‍ ആര്‍ക്കെന്തു ചെയ്യാന്‍ പറ്റും ? അപ്പു സകലമാന ടൂളുകളുമുപയോഗിച്ച് മുടികളുടെ ഒടിവുകള്‍ നിവര്‍ത്തു.

ഇനിയെന്ത് ചെയ്യണം? അപ്പു പെന്‍ടൂളുമായി ഫോട്ടോയിലാകമാനം ഓടി നടന്നു. ഇത്ര നേരം ആ ഫോട്ടോയില്‍ എന്തെങ്കിലും ചെയ്തെന്ന് വിശ്വസിക്കാന്‍ അപ്പു പാടുപെട്ടു.

"ഹായ് ലിയനാര്‍ഡോ ഡികാപ്രിയോ... അയ്യോ ചേട്ടന്റെ അതേ ഷര്‍ട്ട്‌.." തൊട്ടു പിറകില്‍ നിന്ന് അനിയത്തിയുടെ ശബ്ദം.

അപ്പു എന്ന ഫയല്‍ അപ്പു റീനെയിം  ചെയ്തു. അപ്പു ഏറ്റവുമധികം കണ്ട ഹോളിവുഡ് ചിത്രത്തിലെ ഹീറോ ആയിരുന്നു അതില്‍..