ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009

അവസരവാദി

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍

കാലം അവസരങ്ങളെ മാറ്റുന്നു
അവസരങ്ങള്‍ കാലത്തിന്‍ കോലം മാറ്റുന്നു

അവസരങ്ങള്‍ ദൈവഹിതമെന്നു വാദം
ദൈവം തന്നെ അവസരവാദമെന്നു ചിലര്‍ 

അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

ആദ്യരാത്രി

അനനുകരണീയമായ പുതുമകളെ നിര്‍മ്മലന്‍ എന്നും ഇഷ്ടപ്പെട്ടു.

"മൈത്രീ നീ എന്തിനെന്നെ വിവാഹം കഴിച്ചു?" ആദ്യരാത്രി നിര്‍മ്മലന്‍ ചോദിച്ചു.

"നിര്‍മ്മലനെന്താ ഒരു കുറവ്?"

"എന്റെ കുറവുകള്‍ മാത്രം പറയുന്നവരാണീ ലോകം മുഴുവന്‍"

"ഞാനൊരിക്കലും അതൊന്നും വിശ്വസിക്കില്ല"

"നീ വെറും പാവമായത് കൊണ്ടാ മൈത്രീ.. ഞാന്‍ ദുഷ്ടനാണ്‌"

"നിര്‍മ്മലന്‍ ഏറ്റവും വലിയ പാവമാണ്"

"എന്നെ പറ്റി ഞാന്‍ പറയാം എന്നിട്ട് നീ തീരുമാനിക്ക്"

"എല്ലാം എനിക്കറിയാം"

"ഞാന്‍ സ്കൂളില്‍ വച്ചേ കോപ്പി അടിക്കുമായിരുന്നു"

"ഹി ഹി ഹി കള്ളം..."

"ശ്യാമള ടീച്ചറിന്റെ ഹീറോ പേന മോഷ്ടിച്ചതിന് ഒരാഴ്ച എന്നെ ക്ലാസില്‍ കയറ്റിയില്ല"

"ഓ പിന്നെ.."

"കുളിക്കടവില്‍ പെണ്ണുങ്ങള്‍ കുളിക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കണ്ടിട്ടുണ്ട്"

"ഒളിഞ്ഞു നില്‍ക്കാതെ തന്നെ ഞാന്‍ കണ്ടിട്ടുണ്ട്"

"നിനക്കര്‍ഹതപ്പെട്ടതെന്തൊക്കെയോ വിലാസിനി എന്നേ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു"

"ഇല്ല നമ്മള്‍ രണ്ടും പതിവ്രതരാണ്"

"എന്താ മൈത്രീ നീ ഒന്നും വിശ്വസിക്കാത്തത്?"

"നിര്‍മ്മലന്‍ വെറും പാവമാണ്"

"കൊല്ലും ഞാന്‍.. പരിഹസിക്കുന്നോ?"

"കൊല്ലാനോ.. നിര്മ്മലനൊ?" അവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

കൊന്നാലും അതിന്റെ ക്രെഡിറ്റ് തനിക്കു കിട്ടില്ലെന്നുറപ്പായ സ്ഥിതിക്ക് നിര്‍മ്മലന്‍ തിരിഞ്ഞു കിടന്നുറങ്ങി. ആദ്യരാത്രി പോത്ത് പോലെ കിടന്നുറങ്ങിയതിന്റെ നിര്‍വൃതി അയാളെ കാത്തിരുന്നു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

പക

എന്ന് തീരുമീ പക?
ഒരഗ്നി പര്‍വ്വതം പോലെ,
കൂനയായ്‌ ഉണങ്ങി ഉറങ്ങുമോരായിര
മിലകള്‍ക്കടിയിലെ ഉഷ്ണമുതിരും
വര്‍ണപത്രം പോലെ..
പ്രണയം പേറും പെണ്ണിന്റെ നെഞ്ചിലപരന്റെ
മിന്ന് കുത്തി നോവിക്കും പോലെ..

എന്ന് തീരുമീ പക?
വെള്ളരി പ്രാവിന്‍ ചിറകടിയിലുമതിന്
കനലുകലെരിയുംപോള്‍.
ഇരുട്ടും തണുപ്പും കത്രീനാ കാറ്റിനുമിടയിലൊരു
പിടിവള്ളിയുടെ സുരക്ഷയിലൊരു
കാതം മരണത്തെ തടഞ്ഞ്‌,
ഇറ്റുനേരം പകയുടെ താരാട്ട് പാടി ഒട്ടു
നേരമതിന്‍ ലഹരിയിലൊരു ഭ്രമരമായ് പറക്കവെ..

ഇന്ന് തീരാമീ പക..
ഇലക്ട്രിക് ശ്മശാനത്തിലൂഴം കാത്തനാഥനായ്
ഒരു ബട്ടന്റെ താന്തോന്നിതരത്തോടെ അവസാനിക്കുന്നു
പകയുടെ മൃതകോശങ്ങളും..

ഇല്ല, ഒടുങ്ങുന്നില്ലി പക..
പറിച്ചു മാറ്റപ്പെട്ട ഹൃദയം പകരുന്നത് പക
ഇരുവര്‍ക്കായ്‌ പകുത്ത മിഴികളില്‍ ജ്വലിക്കുന്നതും പക.