വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ആക്സിഡണ്ട് (മിനിക്കഥ)


മുന്‍പേ പോകുന്ന ആഡംബര കാര്‍ ധടുതിയില്‍ വലത്തേക്ക് തിരിഞ്ഞപ്പോള്‍ അവനുവിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവനു തന്റെ ബൈക്ക് കാറില്‍ ഇടിച്ചു നിര്‍ത്തി, അഥവാ ഇടിച്ചു തെറിച്ചു. ഇടിച്ചതിലും തെറിച്ചതിലുമൊന്നും പരാതിയില്ലാതെ ഒരു ചോദ്യചിഹ്നം പോലെ അവനു ദേശീയ പാതയില്‍ നിന്നു. ഇടി കിട്ടിയ വിദേശ കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി നഷ്ടങ്ങളുടെ പട്ടിക നിരത്തി, റോഡ്‌ നിയമങ്ങളെ പറ്റി ഊറ്റം കൊണ്ടു. അവനു ഏതാണ്ടൊക്കെ നിഷേധിക്കുകയോ എവിടൊക്കെയോ തിരുമ്മുകയോ ചെയ്തു. അവനുവിന്റെ അസ്വാഭാവികമായ പെരുമാറ്റമാകം വിദേശ കാറിന്റെ ഡ്രൈവര്‍ പരാതിയില്ലെന്ന് പറഞ്ഞു സ്ഥലം വിട്ടത്. അവനുവും വണ്ടിയെടുക്കാന്‍ തുനിഞ്ഞു. പക്ഷെ, അവനുവിന്റെ വലതു കൈപ്പത്തി ഇടത്തേക്ക് അല്പം തിരിഞ്ഞു പോയിരുന്നു. ചുറ്റും കൂടിയവരില്‍ ചിലര്‍ അവനുവിന്റെ ഇടതു കരങ്ങള്‍ കൂടി പരിശോധിച്ച് ബോധ്യം വന്നു.
"ഒടിവ് തന്നെ" 
കൂട്ടത്തില്‍ ധാരാളം എല്ലുകളുള്ള ഒരു എല്ല് വിദഗ്ധന്‍ സൂചന തന്നു.
പോയത് സൂപ്പര്‍ സ്റ്റാറിന്റെ കാറാണെന്നും, മന്ത്രിയുടെതാണെന്നും, നെറ്റ്വര്‍ക്ക് തട്ടിപ്പുകാരന്റെതാണെന്നും സംശയം പ്രകടിപ്പിച്ച് ഓരോരുത്തരും അവനുവിനോട് അനുകമ്പ കാണിച്ചു. സംശയിക്കാനുള്ള അവസരം നാട്ടുകാര്‍ക്ക് കൊടുത്ത് അവനു വേദനിച്ച് നിന്നു.
"ആരായാലും വെറുതെ വിട്ടത് ശരിയായില്ല" മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
"നമ്പര് നമ്മ നോട്ട് ചെയ്തിട്ടുണ്ട്" നോട്ട് ചെയ്തവര്‍ പലരുണ്ടായിരുന്നു. അവരുടെ നമ്പരുകളും പലതായിരുന്നു.
     സമൂഹത്തിന്റെ ഇംഗിതം അറിഞ്ഞെന്നവണ്ണം അവനു അടുത്തൊരു  ആശുപത്രിയിലേക്ക് ചുവടുകള്‍ വച്ചു. എക്സറേക്ക് കൈകാല്‍കള്‍ വച്ച് കൊടുത്ത ശേഷം, ഡോക്ടറെ കാണാന്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അവനുവിനു തന്റെ കൈ ഒടിഞ്ഞത് തന്നെയെന്ന് ഉറപ്പായി. അവനു തന്റെ ഒടിഞ്ഞ കൈപ്പത്തി മടിയില്‍ വച്ച്‌, ഓടിഞ്ഞോ എന്ന് സംശയമുള്ള ഇടതു കാല്‍മുട്ടില്‍ തടവിക്കൊണ്ടിരുന്നു. കാലെങ്കിലും ഒടിയാതിരുന്നെങ്കില്‍ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ നിന്നുയര്‍ന്നു. 
"പ്ലാസ്റ്റര്‍ എടുക്കാന്‍ എത്ര നാളെടുക്കും?" മനസ്സില്‍ മിന്നല്‍ പിണര്‍ പോലെ വന്ന സംശയം അവനു അടുത്തിരുന്നയാളോട് ചോദിച്ചു. 
"ഒരു മാസം.. രണ്ടു മാസം.. മൂന്നു മാസം... ......, ഓടിവിന്റെ കാഠിന്യമനുസരിച്ചിരിക്കും" ക്രൂരമായ മറുപടി കേട്ട് അവനു ഞെട്ടി.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍  ആര് പൂര്‍ത്തിയാക്കും. പ്ലസ്റ്റെര്‍ ഇട്ട കൈകൊണ്ട്  മിന്മിനിക്ക് എങ്ങനെ എസ്എംഎസ് അയക്കും?
ഡോക്ടര്‍ വിളിച്ചപ്പോള്‍ അവനു വെടിയുണ്ട പോലെ അകത്തേക്ക് പാഞ്ഞു.
"ഫ്രാക്ച്ചര്‍ ഒന്നുമില്ല" ഡോക്ടര്‍ എക്സറേ ഫിലിമിലേക്ക് വിരല്‍ ചൂണ്ടി.
അവനു അവിശ്വസനീയതയോടെ ഡോക്ടറെയും പിന്നെ നേര്സിനെയും നോക്കി.
"ഈ കുറിപ്പ് ഫാര്‍മസിയില്‍ കാണിക്കണം" നേഴ്സ് മൊഴിഞ്ഞു.
"ആകെ ഒരു മരുന്നേ ഉള്ളോ?" കുറിപ്പില്‍ നോക്കിയ ശേഷം അവനു സംശയിച്ചു.
" ഒരു മരുന്ന് പോലും ഇല്ല, എക്സറേ റൂമില്‍ താങ്കള്‍ മറന്നു വച്ച വാച്ച് ഈ കുറിപ്പ് കാണിച്ചാല്‍ കിട്ടും"
അടുത്ത രോഗിക്ക് വേണ്ടി ഡോക്ടറുടെ മനം തുടിച്ചത്‌ അവനു അറിഞ്ഞില്ലെങ്കിലും, അതറിഞ്ഞ നേഴ്സ് വാതില്‍ തുറന്ന് അവനുവിനെ പുറത്തേക്കു നയിച്ചു.

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അണ്ണായും ഞാനും

ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍

അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍

നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം... 

ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...

ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം

 ഞാന്‍ ഗാന്ധിയനാണ്
 ഞങ്ങളും ഗാന്ധിയരാണ്‌

 അഹിംസയും നിരാഹാരവും എന്‍ വഴി
 അഹിംസയും നിരാഹാരവും അണ്ണായുടെ വഴി