തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ആ പെണ്‍കുട്ടി പറയുന്നു


രാത്രികളും പകലുകളും 
നിറങ്ങളും രുചികളും 
ഇല്ലാത്തൊരു ലോകത്തിരുന്ന് 
നഷ്ടപെട്ടവയുടെ 
ആഴമറിയുന്നു ഞാന്‍.
കൌതുകങ്ങളും 
ആകാംക്ഷകളും 
ഉല്‍ക്കണ്ടകളും 
അനിശ്ചിതത്വങ്ങളും 
നിഷേധിക്കപ്പെട്ട ഞാന്‍.
ഇണങ്ങാനും പിണങ്ങാനും 
കരുതാനും ചിരിക്കാനും 
ആരുമില്ലാതെ ഞാന്‍, 
ആര്‍ക്കുമില്ലാതെ ഞാന്‍.
കടന്നു പോയെല്ലാ 
യാതനകള്‍ക്കൊടുവിലും 
ആ ലോകത്തെ പ്രണയിച്ചിട്ടും 
ഏകയായ്, ഏറെ ദൂരെ ഞാന്‍ 
ഈ പുതുവത്സരത്തില്‍...

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ആക്സിഡണ്ട് (മിനിക്കഥ)


മുന്‍പേ പോകുന്ന ആഡംബര കാര്‍ ധടുതിയില്‍ വലത്തേക്ക് തിരിഞ്ഞപ്പോള്‍ അവനുവിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവനു തന്റെ ബൈക്ക് കാറില്‍ ഇടിച്ചു നിര്‍ത്തി, അഥവാ ഇടിച്ചു തെറിച്ചു. ഇടിച്ചതിലും തെറിച്ചതിലുമൊന്നും പരാതിയില്ലാതെ ഒരു ചോദ്യചിഹ്നം പോലെ അവനു ദേശീയ പാതയില്‍ നിന്നു. ഇടി കിട്ടിയ വിദേശ കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി നഷ്ടങ്ങളുടെ പട്ടിക നിരത്തി, റോഡ്‌ നിയമങ്ങളെ പറ്റി ഊറ്റം കൊണ്ടു. അവനു ഏതാണ്ടൊക്കെ നിഷേധിക്കുകയോ എവിടൊക്കെയോ തിരുമ്മുകയോ ചെയ്തു. അവനുവിന്റെ അസ്വാഭാവികമായ പെരുമാറ്റമാകം വിദേശ കാറിന്റെ ഡ്രൈവര്‍ പരാതിയില്ലെന്ന് പറഞ്ഞു സ്ഥലം വിട്ടത്. അവനുവും വണ്ടിയെടുക്കാന്‍ തുനിഞ്ഞു. പക്ഷെ, അവനുവിന്റെ വലതു കൈപ്പത്തി ഇടത്തേക്ക് അല്പം തിരിഞ്ഞു പോയിരുന്നു. ചുറ്റും കൂടിയവരില്‍ ചിലര്‍ അവനുവിന്റെ ഇടതു കരങ്ങള്‍ കൂടി പരിശോധിച്ച് ബോധ്യം വന്നു.
"ഒടിവ് തന്നെ" 
കൂട്ടത്തില്‍ ധാരാളം എല്ലുകളുള്ള ഒരു എല്ല് വിദഗ്ധന്‍ സൂചന തന്നു.
പോയത് സൂപ്പര്‍ സ്റ്റാറിന്റെ കാറാണെന്നും, മന്ത്രിയുടെതാണെന്നും, നെറ്റ്വര്‍ക്ക് തട്ടിപ്പുകാരന്റെതാണെന്നും സംശയം പ്രകടിപ്പിച്ച് ഓരോരുത്തരും അവനുവിനോട് അനുകമ്പ കാണിച്ചു. സംശയിക്കാനുള്ള അവസരം നാട്ടുകാര്‍ക്ക് കൊടുത്ത് അവനു വേദനിച്ച് നിന്നു.
"ആരായാലും വെറുതെ വിട്ടത് ശരിയായില്ല" മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
"നമ്പര് നമ്മ നോട്ട് ചെയ്തിട്ടുണ്ട്" നോട്ട് ചെയ്തവര്‍ പലരുണ്ടായിരുന്നു. അവരുടെ നമ്പരുകളും പലതായിരുന്നു.
     സമൂഹത്തിന്റെ ഇംഗിതം അറിഞ്ഞെന്നവണ്ണം അവനു അടുത്തൊരു  ആശുപത്രിയിലേക്ക് ചുവടുകള്‍ വച്ചു. എക്സറേക്ക് കൈകാല്‍കള്‍ വച്ച് കൊടുത്ത ശേഷം, ഡോക്ടറെ കാണാന്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അവനുവിനു തന്റെ കൈ ഒടിഞ്ഞത് തന്നെയെന്ന് ഉറപ്പായി. അവനു തന്റെ ഒടിഞ്ഞ കൈപ്പത്തി മടിയില്‍ വച്ച്‌, ഓടിഞ്ഞോ എന്ന് സംശയമുള്ള ഇടതു കാല്‍മുട്ടില്‍ തടവിക്കൊണ്ടിരുന്നു. കാലെങ്കിലും ഒടിയാതിരുന്നെങ്കില്‍ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ നിന്നുയര്‍ന്നു. 
"പ്ലാസ്റ്റര്‍ എടുക്കാന്‍ എത്ര നാളെടുക്കും?" മനസ്സില്‍ മിന്നല്‍ പിണര്‍ പോലെ വന്ന സംശയം അവനു അടുത്തിരുന്നയാളോട് ചോദിച്ചു. 
"ഒരു മാസം.. രണ്ടു മാസം.. മൂന്നു മാസം... ......, ഓടിവിന്റെ കാഠിന്യമനുസരിച്ചിരിക്കും" ക്രൂരമായ മറുപടി കേട്ട് അവനു ഞെട്ടി.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍  ആര് പൂര്‍ത്തിയാക്കും. പ്ലസ്റ്റെര്‍ ഇട്ട കൈകൊണ്ട്  മിന്മിനിക്ക് എങ്ങനെ എസ്എംഎസ് അയക്കും?
ഡോക്ടര്‍ വിളിച്ചപ്പോള്‍ അവനു വെടിയുണ്ട പോലെ അകത്തേക്ക് പാഞ്ഞു.
"ഫ്രാക്ച്ചര്‍ ഒന്നുമില്ല" ഡോക്ടര്‍ എക്സറേ ഫിലിമിലേക്ക് വിരല്‍ ചൂണ്ടി.
അവനു അവിശ്വസനീയതയോടെ ഡോക്ടറെയും പിന്നെ നേര്സിനെയും നോക്കി.
"ഈ കുറിപ്പ് ഫാര്‍മസിയില്‍ കാണിക്കണം" നേഴ്സ് മൊഴിഞ്ഞു.
"ആകെ ഒരു മരുന്നേ ഉള്ളോ?" കുറിപ്പില്‍ നോക്കിയ ശേഷം അവനു സംശയിച്ചു.
" ഒരു മരുന്ന് പോലും ഇല്ല, എക്സറേ റൂമില്‍ താങ്കള്‍ മറന്നു വച്ച വാച്ച് ഈ കുറിപ്പ് കാണിച്ചാല്‍ കിട്ടും"
അടുത്ത രോഗിക്ക് വേണ്ടി ഡോക്ടറുടെ മനം തുടിച്ചത്‌ അവനു അറിഞ്ഞില്ലെങ്കിലും, അതറിഞ്ഞ നേഴ്സ് വാതില്‍ തുറന്ന് അവനുവിനെ പുറത്തേക്കു നയിച്ചു.

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അണ്ണായും ഞാനും

ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍

അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍

നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം... 

ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...

ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം

 ഞാന്‍ ഗാന്ധിയനാണ്
 ഞങ്ങളും ഗാന്ധിയരാണ്‌

 അഹിംസയും നിരാഹാരവും എന്‍ വഴി
 അഹിംസയും നിരാഹാരവും അണ്ണായുടെ വഴി

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

മുത്തച്ഛന്റെ അസ്തമയം (മിനിക്കഥ)



നഗരത്തിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ ഫ്ലാറ്റിലെ ചാരുകസേരയില്‍ മുത്തച്ഛന്‍ ചാഞ്ഞു കിടന്നു.
"പ്രകൃതീന്നു വച്ചാ എന്താ മുത്തച്ഛാ ?" ഒന്‍പതു വയസുള്ള പേരക്കിടാവ് മുഖവുരയില്ലാതെ ചോദിച്ചു.
"പ്രകൃതീന്നു വച്ചാ.. നീയാ ജനാലയിലൂടെ പുറത്തേക്കു നോക്ക്.."
"ഓഹോ ഇതോ?.." മനീഷിനു തൃപ്തിയില്ല.
"എന്താ നീ കാണുന്നത്?.." കാഴ്ചയില്ലാത്ത മുത്തച്ഛന് ശങ്കയായി.
"കൃഷ്ണച്ചെട്ടിയാരുടെ കെട്ടിടത്തിനു പിന്നിലെ നിരനിരയായ ഇലക്ട്രിക് വയറുകള്‍, വാട്ടര്‍ പൈപ്പുകള്‍, ജനറേട്ടര്‍ റൂം, സെപ്ടിക് ടാങ്കുകള്‍..."
"അതല്ല മോനെ.. മോന്‍ ഫ്ലാറ്റിന്റെ മറുവശത്തുള്ള ജനാലയിലൂടെ നോക്കൂ.."

അല്പനേരത്തെ മൌനത്തിനു ശേഷം മനീഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
"നിക്സന്റെ കാര്‍ വര്‍ക്ഷോപ്പ്, മൊബൈല്‍ കമ്പനിയുടെ ടവര്‍, ഗവര്‍മെന്റ് ആശുപത്രിയുടെ നിറമില്ലാത്ത കെട്ടിടം.."

"ഇനിയും ജനാലകളുണ്ടല്ലോ മോനെ.."
നിമിഷങ്ങള്‍ നീണ്ട കാല്പെരുമാറ്റത്തിന് ശേഷം ജനാല തള്ളിത്തുറക്കുന്ന പുതിയൊരു ശബ്ദം മുത്തച്ഛന്‍ കേട്ടു.
"ചെറുപ്പക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഡോക്ടറുടെ വാടക വീടാ മുത്തച്ഛാ ഇത്.. എന്റെ മുത്തച്ഛാ രണ്ടു ചേട്ടന്മാര് കെട്ടിപ്പിടിക്കുന്നു.."
"നീ ജനാലയടക്ക്.. അത് പ്രകൃതിയല്ല, പ്രകൃതിവിരുദ്ധതയാ.."
ജനാല ആഞ്ഞടക്കുന്ന ശബ്ദം മുത്തച്ഛനെ ആശ്വാസിപ്പിച്ചു. ആഞ്ഞടച്ച ജനാല ഉദ്ദേശിച്ചത് പോലെ തന്നെ തുറന്ന് പൂര്‍വ്വസ്ഥിതി പ്രാപിച്ചതില്‍ മനീഷിനും ആശ്വാസമായി.

ഇനിയും ജനാലകള്‍ തുറക്കാന്‍ പറയാന്‍ മുത്തച്ഛന് തോന്നിയില്ല. അയാള്‍ പേരക്കുട്ടിയെ അടുത്ത് വിളിച്ചു പ്രകൃതിയെപ്പറ്റി വര്‍ണ്ണിച്ച് തുടങ്ങി.
"പ്രകൃതിയെന്നാല്‍ വൃക്ഷലതാദികളും ജന്തുജാലങ്ങളും ആകാശവും ഭൂമിയും കാറ്റും മഴയുമെല്ലാം ചേര്‍ന്നതാണ്.. ഇവിടെ ഈ നഗരത്തില്‍ അതൊന്നുമുണ്ടാവില്ല മോനെ.."
"ഉണ്ട് മുത്തച്ഛാ.. ഈ ഫ്ലാറ്റില്‍ നിന്ന് നോക്കിയാല്‍ തന്നെ ഇതെല്ലാം കാണാം.. നമ്മുടെ ഫ്രണ്ട് ഡോര്‍ തുറന്നാല്‍ മതി.."
മുത്തച്ഛന് വിശ്വാസം വന്നില്ല. എങ്കിലും ഫ്രണ്ട് ഡോര്‍ തുറന്ന അവന്റെ വാക്കുകള്‍ക്കു അയാള്‍ കാതോര്‍ത്തു.
"മുത്തച്ഛന്‍ പറഞ്ഞതെല്ലാം എനിക്ക് കാണാം.. ഹരിതാഭം എന്ന ഫ്ലാറ്റിനു മുകളില്‍ 'L' ഷേപ്പില്‍ ഒരു കീറ് ആകാശം, 'q' ഷേപ്പുള്ള മുരിങ്ങയില്‍ എക്സോസ്റ്റ് ഫാനില്‍ നിന്നുള്ള മാരുതന്‍........."

ഓടയുടെ ചക്രവാളത്തില്‍ എലികള്‍ ഉദിച്ചുയരുമ്പോള്‍ മുത്തച്ഛന്‍ ചാരുകസേരയില്‍ അസ്തമിച്ചു തുടങ്ങി.

വെള്ളിയാഴ്‌ച, ജൂലൈ 09, 2010

തത്വ മെസ്സി (നര്‍മ്മം)




ഒരു ഫുട്ബോള്‍ ആരാധകനൊന്നുമല്ല ഞാന്‍. പക്ഷെ ചുറ്റും നടക്കുന്ന കളിയുടെ ആരവവും ആവേശവും ഞാനും അറിയുന്നു. നമുക്കും ശക്തമായൊരു ഫുട്ബോള്‍ ടീമുണ്ടായിരുന്നെങ്കിലെന്നു നിങ്ങളെ പോലെ ആഗ്രഹിക്കുന്നു. എവ്ടെ?

തത്ക്കാലം ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ബ്രസീല്‍ ടീമുമായി ലോകകപ്പില്‍ ഏറ്റുമുട്ടുന്നതായി സങ്കല്‍പ്പിക്കുകയാണ്, കളി ഇന്ത്യയില്‍ വച്ച്. അത്തരമൊരു സാങ്കല്പിക മത്സരത്തിലെ ചില സുവര്‍ണ നിമിഷങ്ങള്‍. കളിക്കളത്തിലെ കളി മാത്രമല്ലിതില്‍. കളത്തില്‍ നമുക്ക് കളി കുറവാണല്ലോ..


ഇന്ത്യ X ബ്രസീല്‍

മത്സരം തുടങ്ങി അടുത്ത സെക്കന്റില്‍ തന്നെ മുഴുവന്‍ ബ്രസീല്‍ കളിക്കാരും ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു പാഞ്ഞു. ഇന്ത്യക്കാരും അവരുടെ പിറകെയോടി. ബോള്‍, ഗ്രൌണ്ടിന്റെ മദ്ധ്യത്തില്‍ അല്‍പ സമയം അനാഥമായി. അബദ്ധം മനസിലാക്കി ഒരു ബ്രസീലുകാരന്‍ ബോള്‍ തട്ടിക്കൊണ്ടു വന്നു. കൂട്ടുകാരോടൊപ്പം പങ്കുചേരാനാവാതെ ബ്രസീല്‍ ഗോളി അതിദൂരെ ഏകനായി, വിഷാദനായി നിന്നു. ആദ്യ മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ഞെട്ടി. ഇന്ത്യ ശാന്തമായി അതിനെ നേരിട്ടു.

ഈ സമയം ഗോള്‍ പോസ്റ്റില്‍ ഉറക്കം തൂങ്ങിയിരിക്കുകയായിരുന്നു ബ്രസീല്‍ ഗോളി. ഗോളിക്ക് കടല വില്‍ക്കാന്‍ വന്ന പയ്യന്‍ സന്തോഷത്തോടെ മടങ്ങി. കാണികളെല്ലാം ഇതിനോടകം ഇന്ത്യന്‍ ഗോള്‍ പോസ്റ്റിനരികിലേക്ക് മാറിയിരുന്നു. വാച്ചില്‍ നോക്കിയ ബ്രസീല്‍ ഗോളി, ഫസ്റ്റ്ഹാഫ് തീരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന് മനസിലാക്കി, ചായ കുടിക്കാന്‍ പോകുന്നു. തിരികെ വന്ന ഗോളി കണ്ണ് തുറക്കുമ്പോള്‍ റഫറി മഞ്ഞ കാര്ടുയര്‍ത്തി നില്‍ക്കുന്നു. ഗോള്പോസ്ടിലിരുന്നു ഉറങ്ങിയതാണ് വിനയായത്. ആദ്യമായി മഞ്ഞ കാര്‍ഡ്‌ കണ്ട വിഷമത്തില്‍ നില്‍ക്കവെ ഗോളിയെ തേടി ഒരു ടൂര്‍ ഓപ്പറേറ്റര്‍ വന്നു. ഇന്ത്യയിലെ എല്ലാ സുഖവാസ കേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങിയ കമ്പനിവക ബ്രോഷര്‍ ഗോളിക്ക് കൊടുത്ത്, കുടുംബത്തെയും കൂട്ടുകാരേയും ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു.

ഓടി മടുത്ത ചില ഇന്ത്യന്‍ കളിക്കാര്‍ ഗ്രൌണ്ടിലിരുന്നു വിശ്രമിച്ചു. കളിക്കിടെ വിശ്രമിച്ചതിന് മഞ്ഞ കാര്‍ഡും, അത് മൈന്‍ഡ് ചെയ്യാതിരുന്നതിന് ചുവപ്പ് കാര്‍ഡും കാണിക്കപ്പെടുന്നു. രണ്ടും മൈന്‍ഡ് ചെയ്യാത്തത് കൊണ്ട് റഫറി കളിയിലേക്ക് മടങ്ങി പോകുന്നു. റിസേര്‍വ് ബെഞ്ചിലിരുന്ന നാലോളം ഇന്ത്യന്‍ കളിക്കാര്‍ കളത്തില്‍ നുഴഞ്ഞു കയറി കളിച്ചു തുടങ്ങുന്നു. ബ്രസീല്‍ കോച്ച് ഇത് കാണുന്നുണ്ടെങ്കിലും സ്കോര്‍ ബോര്‍ഡില്‍ നോക്കിയ ശേഷം നുഴഞ്ഞു കയറ്റം കാര്യമായെടുക്കുന്നില്ല.

അടുത്ത കളിയില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഒരു വ്യവസായി ടീം ഒഫീഷ്യലിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുന്നു. റെഡികാഷ് ഉണ്ടായിരുന്നതിനാല്‍ അയാള്‍ക്ക്‌ നടന്നുകൊണ്ടിരിക്കുന്ന കളിയില്‍ തന്നെ അവസരം ലഭിക്കുന്നു. കോഴ നല്‍കിയ വ്യവസായി ആളനക്കമില്ലാത്ത ഭാഗത്ത്‌ കൂടി ഗ്രൗണ്ടില്‍ കയറി കളിക്കാരോട് ചേരുന്നു. റഫറി ഇത് കണ്ടെങ്കിലും ചുറ്റും നോക്കി, ഗ്രൗണ്ടില്‍ ഇനിയും ധാരാളം സ്ഥലമുണ്ടല്ലോ എന്ന് വിചാരിച്ച് ക്ഷമിക്കുന്നു. വ്യവസായി ക്യാമറക്ക് മുന്നിലൂടെ തെക്ക് വടക്ക് ഓടുന്നു.

ഇതിനിടെ ബ്രസീല്‍ ടീം ഡോക്ടറെ പാമ്പ് കടിക്കുന്നു. ഒരു മാസം മുന്‍പ് വരെ കണ്ടല്കാടായിരുന്ന പ്രദേശം മണ്ണിട്ട്‌ നിരത്തി ഫുട്ബോള്‍ ഗ്രൌണ്ടാക്കുകയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ കളിക്കാരാരോ അഴിച്ചിട്ട ജര്‍സി അണിഞ്ഞ് മൊബൈല്‍ കാമറയില്‍ ഫോട്ടോയെടുക്കുന്ന കൂട്ടുകാരായ മലപ്പുറം ഹാജിയും മഹാനായ ജോജിയും.

കളിക്കളത്തിന്റെ ഒഴിഞ്ഞ കോണില്‍ ബ്രസീല്‍ ഗോള്‍ പോസ്റ്റിനു പിറകിലിരുന്ന് 'തത്വ മെസ്സി' യുടെ രചനയിലായിരുന്നു ഒരാള്‍. അദ്ദേഹം ഇങ്ങനെ എഴുതി. "ക്ലബിന് വേണ്ടി ഗോളടിക്കുന്ന മെസ്സിക്ക് രാജ്യത്തിന് വേണ്ടി ഗോളടിക്കാന്‍ പറ്റുന്നില്ല. രാജ്യത്തിന്‌ വേണ്ടി തിളങ്ങുന്ന ക്ലോസെക്ക് ക്ലബിന് വേണ്ടി തിളങ്ങാനാവുന്നില്ല. ഏതൊരിന്ത്യന്‍ കളിക്കാരനും രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും സ്ഥിരതയോടെ ഗോളടിക്കാതിരിക്കുന്നു. അപ്പോളാരാണ് മികച്ച കളിക്കാരന്‍? "

ഒരു മിനിറ്റില്‍ ഹാട്രിക് അടിച്ച കളിക്കാരനെ അഭിനന്ദിക്കുന്ന ബ്രസീല്‍ സംഘം. ഇതേ സമയം ഇന്ത്യന്‍ കളിക്കാര്‍ തമ്മില്‍ കലഹിക്കുന്നു. വല്ലപ്പോഴും തൊടാന്‍ കിട്ടുന്ന പന്ത് പാസ്‌ ചെയ്യുമ്പോള്‍ സംവരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതി. ബ്രസീല്‍ കളിക്കാര്‍ അവരെ ആശ്വസിപ്പിച്ച് കളി തുടരാന്‍ പ്രേരിപ്പിക്കുന്നു. ഇതേ സമയം ഹെല്‍മെറ്റ്‌ വയ്ക്കാന്‍ നിയമം അനുവദിക്കുമോ എന്ന് റഫറിയോട് തിരക്കുകയായിരുന്നു ഇന്ത്യന്‍ ഗോളി. പിറകില്‍ ഗോള്‍ വലയുടെ പൊട്ടിപ്പോയ ഇഴകള്‍ വലിച്ചുകെട്ടാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാട് പെട്ടു.

കളി കണ്ടു കൊണ്ടിരുന്ന നേതാവ് അരികിലിരുന്നയാളോട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ഈ കളിക്ക് ഒരു ഉപരോധ സമരത്തിന്റെ സ്വഭാവമുണ്ടല്ലോ എന്നായിരുന്നു നേതാവിന്റെ കണ്ടെത്തല്‍. സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ എന്തെങ്കിലും രഹസ്യ അജണ്ട നടപ്പക്കപ്പെടുന്നുണ്ടോ എന്ന് നേതാവ് ഉല്‍ക്കണ്ടപ്പെട്ടു. ജാഥക്ക് ആളെ കിട്ടാതെ വരുമോ എന്ന് ആത്മഗതം നടത്തി.പോക്കറ്റിലിരുന്ന ഓല പീപ്പിയെടുത്ത് പകയോടെ ഊതി.

144 - 0 ന് ബ്രസീല്‍ ഇന്ത്യയെ തോല്പിക്കുന്നു. മത്സരം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്നു എന്നറിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ അവശരെങ്കിലും തുള്ളിച്ചാടി. കളിക്കിടെ നുഴഞ്ഞു കയറിയവരും വളഞ്ഞ വഴിക്ക് വന്നവരും വന്ന വഴിയെ മടങ്ങി. വെറും അഞ്ചു ഗോള്‍ മാത്രമടിച്ച കളിക്കാരനെ ബ്രസീല്‍ കോച്ച് സാംബാതാളത്തില്‍ തെറിയഭിഷേകം നടത്തുന്നു. 144 ഗോള്‍ മാത്രം വഴങ്ങിയതിന് ഇന്ത്യന്‍ കോച്ച് ഗോളിയെ ആലിംഗനം ചെയ്യുന്നു.