തിങ്കളാഴ്‌ച, മാർച്ച് 29, 2010

ഉഷ്ണകാലം

ഉഷ്ണകാലമിത്
ശൈത്യജാലകം കടന്ന്,
തമസ്സിന്റെ പാളികളിളക്കി,
സ്വപ്നാടനങ്ങള്‍‍ക്കിടവേളയായ്‌. 

ചിന്താപ്രവാഹത്തില്‍
തടയിണകള്‍ പടുത്ത്,
മുഴങ്ങിത്തിരിയും പങ്കയുടെ
ചുടുകാറ്റില്‍  കരിഞ്ഞ്‌,
സ്വപ്നങ്ങള്‍ക്ക് തളമണിച്ച്‌,
മോഹങ്ങള്‍ക്ക് കുഴിയെടുത്ത്,
നിദ്രക്കു കടം പറഞ്ഞു
മൊരു കഷ്ട്കാലം.

പാരോളം കുനിഞ്ഞു കേഴും
തുളസിത്തണ്ടിനൊരു
സ്വേദപ്രവാഹവും കുളിരേകിയില്ല,
നനവേകിയില്ല.
ഘോരമായുയരും കാകരോദനമത്
ബലിച്ചോറിനല്ല
മുഖമൊളിപ്പിക്കാനൊരില-
ത്തണലിനോ  വറ്റ്  നനവിനോ,
ഏഴഴകില്‍ പൊതിഞ്ഞയുടലില്‍
താപപ്രവാഹം.

ഉഷ്ണകാലം, ഇനി
കണക്കെടുപ്പിന്റെ ശാപകാലം
കൊടുത്തതൊന്നൊന്നായ്  തിരികെ
വാങ്ങൂ,  ഇത് ഭൂമിനീതി..