വെള്ളിയാഴ്‌ച, ജൂലൈ 09, 2010

തത്വ മെസ്സി (നര്‍മ്മം)




ഒരു ഫുട്ബോള്‍ ആരാധകനൊന്നുമല്ല ഞാന്‍. പക്ഷെ ചുറ്റും നടക്കുന്ന കളിയുടെ ആരവവും ആവേശവും ഞാനും അറിയുന്നു. നമുക്കും ശക്തമായൊരു ഫുട്ബോള്‍ ടീമുണ്ടായിരുന്നെങ്കിലെന്നു നിങ്ങളെ പോലെ ആഗ്രഹിക്കുന്നു. എവ്ടെ?

തത്ക്കാലം ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ബ്രസീല്‍ ടീമുമായി ലോകകപ്പില്‍ ഏറ്റുമുട്ടുന്നതായി സങ്കല്‍പ്പിക്കുകയാണ്, കളി ഇന്ത്യയില്‍ വച്ച്. അത്തരമൊരു സാങ്കല്പിക മത്സരത്തിലെ ചില സുവര്‍ണ നിമിഷങ്ങള്‍. കളിക്കളത്തിലെ കളി മാത്രമല്ലിതില്‍. കളത്തില്‍ നമുക്ക് കളി കുറവാണല്ലോ..


ഇന്ത്യ X ബ്രസീല്‍

മത്സരം തുടങ്ങി അടുത്ത സെക്കന്റില്‍ തന്നെ മുഴുവന്‍ ബ്രസീല്‍ കളിക്കാരും ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു പാഞ്ഞു. ഇന്ത്യക്കാരും അവരുടെ പിറകെയോടി. ബോള്‍, ഗ്രൌണ്ടിന്റെ മദ്ധ്യത്തില്‍ അല്‍പ സമയം അനാഥമായി. അബദ്ധം മനസിലാക്കി ഒരു ബ്രസീലുകാരന്‍ ബോള്‍ തട്ടിക്കൊണ്ടു വന്നു. കൂട്ടുകാരോടൊപ്പം പങ്കുചേരാനാവാതെ ബ്രസീല്‍ ഗോളി അതിദൂരെ ഏകനായി, വിഷാദനായി നിന്നു. ആദ്യ മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ഞെട്ടി. ഇന്ത്യ ശാന്തമായി അതിനെ നേരിട്ടു.

ഈ സമയം ഗോള്‍ പോസ്റ്റില്‍ ഉറക്കം തൂങ്ങിയിരിക്കുകയായിരുന്നു ബ്രസീല്‍ ഗോളി. ഗോളിക്ക് കടല വില്‍ക്കാന്‍ വന്ന പയ്യന്‍ സന്തോഷത്തോടെ മടങ്ങി. കാണികളെല്ലാം ഇതിനോടകം ഇന്ത്യന്‍ ഗോള്‍ പോസ്റ്റിനരികിലേക്ക് മാറിയിരുന്നു. വാച്ചില്‍ നോക്കിയ ബ്രസീല്‍ ഗോളി, ഫസ്റ്റ്ഹാഫ് തീരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന് മനസിലാക്കി, ചായ കുടിക്കാന്‍ പോകുന്നു. തിരികെ വന്ന ഗോളി കണ്ണ് തുറക്കുമ്പോള്‍ റഫറി മഞ്ഞ കാര്ടുയര്‍ത്തി നില്‍ക്കുന്നു. ഗോള്പോസ്ടിലിരുന്നു ഉറങ്ങിയതാണ് വിനയായത്. ആദ്യമായി മഞ്ഞ കാര്‍ഡ്‌ കണ്ട വിഷമത്തില്‍ നില്‍ക്കവെ ഗോളിയെ തേടി ഒരു ടൂര്‍ ഓപ്പറേറ്റര്‍ വന്നു. ഇന്ത്യയിലെ എല്ലാ സുഖവാസ കേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങിയ കമ്പനിവക ബ്രോഷര്‍ ഗോളിക്ക് കൊടുത്ത്, കുടുംബത്തെയും കൂട്ടുകാരേയും ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു.

ഓടി മടുത്ത ചില ഇന്ത്യന്‍ കളിക്കാര്‍ ഗ്രൌണ്ടിലിരുന്നു വിശ്രമിച്ചു. കളിക്കിടെ വിശ്രമിച്ചതിന് മഞ്ഞ കാര്‍ഡും, അത് മൈന്‍ഡ് ചെയ്യാതിരുന്നതിന് ചുവപ്പ് കാര്‍ഡും കാണിക്കപ്പെടുന്നു. രണ്ടും മൈന്‍ഡ് ചെയ്യാത്തത് കൊണ്ട് റഫറി കളിയിലേക്ക് മടങ്ങി പോകുന്നു. റിസേര്‍വ് ബെഞ്ചിലിരുന്ന നാലോളം ഇന്ത്യന്‍ കളിക്കാര്‍ കളത്തില്‍ നുഴഞ്ഞു കയറി കളിച്ചു തുടങ്ങുന്നു. ബ്രസീല്‍ കോച്ച് ഇത് കാണുന്നുണ്ടെങ്കിലും സ്കോര്‍ ബോര്‍ഡില്‍ നോക്കിയ ശേഷം നുഴഞ്ഞു കയറ്റം കാര്യമായെടുക്കുന്നില്ല.

അടുത്ത കളിയില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഒരു വ്യവസായി ടീം ഒഫീഷ്യലിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുന്നു. റെഡികാഷ് ഉണ്ടായിരുന്നതിനാല്‍ അയാള്‍ക്ക്‌ നടന്നുകൊണ്ടിരിക്കുന്ന കളിയില്‍ തന്നെ അവസരം ലഭിക്കുന്നു. കോഴ നല്‍കിയ വ്യവസായി ആളനക്കമില്ലാത്ത ഭാഗത്ത്‌ കൂടി ഗ്രൗണ്ടില്‍ കയറി കളിക്കാരോട് ചേരുന്നു. റഫറി ഇത് കണ്ടെങ്കിലും ചുറ്റും നോക്കി, ഗ്രൗണ്ടില്‍ ഇനിയും ധാരാളം സ്ഥലമുണ്ടല്ലോ എന്ന് വിചാരിച്ച് ക്ഷമിക്കുന്നു. വ്യവസായി ക്യാമറക്ക് മുന്നിലൂടെ തെക്ക് വടക്ക് ഓടുന്നു.

ഇതിനിടെ ബ്രസീല്‍ ടീം ഡോക്ടറെ പാമ്പ് കടിക്കുന്നു. ഒരു മാസം മുന്‍പ് വരെ കണ്ടല്കാടായിരുന്ന പ്രദേശം മണ്ണിട്ട്‌ നിരത്തി ഫുട്ബോള്‍ ഗ്രൌണ്ടാക്കുകയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ കളിക്കാരാരോ അഴിച്ചിട്ട ജര്‍സി അണിഞ്ഞ് മൊബൈല്‍ കാമറയില്‍ ഫോട്ടോയെടുക്കുന്ന കൂട്ടുകാരായ മലപ്പുറം ഹാജിയും മഹാനായ ജോജിയും.

കളിക്കളത്തിന്റെ ഒഴിഞ്ഞ കോണില്‍ ബ്രസീല്‍ ഗോള്‍ പോസ്റ്റിനു പിറകിലിരുന്ന് 'തത്വ മെസ്സി' യുടെ രചനയിലായിരുന്നു ഒരാള്‍. അദ്ദേഹം ഇങ്ങനെ എഴുതി. "ക്ലബിന് വേണ്ടി ഗോളടിക്കുന്ന മെസ്സിക്ക് രാജ്യത്തിന് വേണ്ടി ഗോളടിക്കാന്‍ പറ്റുന്നില്ല. രാജ്യത്തിന്‌ വേണ്ടി തിളങ്ങുന്ന ക്ലോസെക്ക് ക്ലബിന് വേണ്ടി തിളങ്ങാനാവുന്നില്ല. ഏതൊരിന്ത്യന്‍ കളിക്കാരനും രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും സ്ഥിരതയോടെ ഗോളടിക്കാതിരിക്കുന്നു. അപ്പോളാരാണ് മികച്ച കളിക്കാരന്‍? "

ഒരു മിനിറ്റില്‍ ഹാട്രിക് അടിച്ച കളിക്കാരനെ അഭിനന്ദിക്കുന്ന ബ്രസീല്‍ സംഘം. ഇതേ സമയം ഇന്ത്യന്‍ കളിക്കാര്‍ തമ്മില്‍ കലഹിക്കുന്നു. വല്ലപ്പോഴും തൊടാന്‍ കിട്ടുന്ന പന്ത് പാസ്‌ ചെയ്യുമ്പോള്‍ സംവരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതി. ബ്രസീല്‍ കളിക്കാര്‍ അവരെ ആശ്വസിപ്പിച്ച് കളി തുടരാന്‍ പ്രേരിപ്പിക്കുന്നു. ഇതേ സമയം ഹെല്‍മെറ്റ്‌ വയ്ക്കാന്‍ നിയമം അനുവദിക്കുമോ എന്ന് റഫറിയോട് തിരക്കുകയായിരുന്നു ഇന്ത്യന്‍ ഗോളി. പിറകില്‍ ഗോള്‍ വലയുടെ പൊട്ടിപ്പോയ ഇഴകള്‍ വലിച്ചുകെട്ടാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാട് പെട്ടു.

കളി കണ്ടു കൊണ്ടിരുന്ന നേതാവ് അരികിലിരുന്നയാളോട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ഈ കളിക്ക് ഒരു ഉപരോധ സമരത്തിന്റെ സ്വഭാവമുണ്ടല്ലോ എന്നായിരുന്നു നേതാവിന്റെ കണ്ടെത്തല്‍. സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ എന്തെങ്കിലും രഹസ്യ അജണ്ട നടപ്പക്കപ്പെടുന്നുണ്ടോ എന്ന് നേതാവ് ഉല്‍ക്കണ്ടപ്പെട്ടു. ജാഥക്ക് ആളെ കിട്ടാതെ വരുമോ എന്ന് ആത്മഗതം നടത്തി.പോക്കറ്റിലിരുന്ന ഓല പീപ്പിയെടുത്ത് പകയോടെ ഊതി.

144 - 0 ന് ബ്രസീല്‍ ഇന്ത്യയെ തോല്പിക്കുന്നു. മത്സരം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്നു എന്നറിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ അവശരെങ്കിലും തുള്ളിച്ചാടി. കളിക്കിടെ നുഴഞ്ഞു കയറിയവരും വളഞ്ഞ വഴിക്ക് വന്നവരും വന്ന വഴിയെ മടങ്ങി. വെറും അഞ്ചു ഗോള്‍ മാത്രമടിച്ച കളിക്കാരനെ ബ്രസീല്‍ കോച്ച് സാംബാതാളത്തില്‍ തെറിയഭിഷേകം നടത്തുന്നു. 144 ഗോള്‍ മാത്രം വഴങ്ങിയതിന് ഇന്ത്യന്‍ കോച്ച് ഗോളിയെ ആലിംഗനം ചെയ്യുന്നു.