ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010
മുത്തച്ഛന്റെ അസ്തമയം (മിനിക്കഥ)
നഗരത്തിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ ഫ്ലാറ്റിലെ ചാരുകസേരയില്‍ മുത്തച്ഛന്‍ ചാഞ്ഞു കിടന്നു.
"പ്രകൃതീന്നു വച്ചാ എന്താ മുത്തച്ഛാ ?" ഒന്‍പതു വയസുള്ള പേരക്കിടാവ് മുഖവുരയില്ലാതെ ചോദിച്ചു.
"പ്രകൃതീന്നു വച്ചാ.. നീയാ ജനാലയിലൂടെ പുറത്തേക്കു നോക്ക്.."
"ഓഹോ ഇതോ?.." മനീഷിനു തൃപ്തിയില്ല.
"എന്താ നീ കാണുന്നത്?.." കാഴ്ചയില്ലാത്ത മുത്തച്ഛന് ശങ്കയായി.
"കൃഷ്ണച്ചെട്ടിയാരുടെ കെട്ടിടത്തിനു പിന്നിലെ നിരനിരയായ ഇലക്ട്രിക് വയറുകള്‍, വാട്ടര്‍ പൈപ്പുകള്‍, ജനറേട്ടര്‍ റൂം, സെപ്ടിക് ടാങ്കുകള്‍..."
"അതല്ല മോനെ.. മോന്‍ ഫ്ലാറ്റിന്റെ മറുവശത്തുള്ള ജനാലയിലൂടെ നോക്കൂ.."
അല്പനേരത്തെ മൌനത്തിനു ശേഷം മനീഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
"നിക്സന്റെ കാര്‍ വര്‍ക്ഷോപ്പ്, മൊബൈല്‍ കമ്പനിയുടെ ടവര്‍, ഗവര്‍മെന്റ് ആശുപത്രിയുടെ നിറമില്ലാത്ത കെട്ടിടം.."
"ഇനിയും ജനാലകളുണ്ടല്ലോ മോനെ.."
നിമിഷങ്ങള്‍ നീണ്ട കാല്പെരുമാറ്റത്തിന് ശേഷം ജനാല തള്ളിത്തുറക്കുന്ന പുതിയൊരു ശബ്ദം മുത്തച്ഛന്‍ കേട്ടു.
"ചെറുപ്പക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഡോക്ടറുടെ വാടക വീടാ മുത്തച്ഛാ ഇത്.. എന്റെ മുത്തച്ഛാ രണ്ടു ചേട്ടന്മാര് കെട്ടിപ്പിടിക്കുന്നു.."
"നീ ജനാലയടക്ക്.. അത് പ്രകൃതിയല്ല, പ്രകൃതിവിരുദ്ധതയാ.."
ജനാല ആഞ്ഞടക്കുന്ന ശബ്ദം മുത്തച്ഛനെ ആശ്വാസിപ്പിച്ചു. ആഞ്ഞടച്ച ജനാല ഉദ്ദേശിച്ചത് പോലെ തന്നെ തുറന്ന് പൂര്‍വ്വസ്ഥിതി പ്രാപിച്ചതില്‍ മനീഷിനും ആശ്വാസമായി.
ഇനിയും ജനാലകള്‍ തുറക്കാന്‍ പറയാന്‍ മുത്തച്ഛന് തോന്നിയില്ല. അയാള്‍ പേരക്കുട്ടിയെ അടുത്ത് വിളിച്ചു പ്രകൃതിയെപ്പറ്റി വര്‍ണ്ണിച്ച് തുടങ്ങി.
"പ്രകൃതിയെന്നാല്‍ വൃക്ഷലതാദികളും ജന്തുജാലങ്ങളും ആകാശവും ഭൂമിയും കാറ്റും മഴയുമെല്ലാം ചേര്‍ന്നതാണ്.. ഇവിടെ ഈ നഗരത്തില്‍ അതൊന്നുമുണ്ടാവില്ല മോനെ.."
"ഉണ്ട് മുത്തച്ഛാ.. ഈ ഫ്ലാറ്റില്‍ നിന്ന് നോക്കിയാല്‍ തന്നെ ഇതെല്ലാം കാണാം.. നമ്മുടെ ഫ്രണ്ട് ഡോര്‍ തുറന്നാല്‍ മതി.."
മുത്തച്ഛന് വിശ്വാസം വന്നില്ല. എങ്കിലും ഫ്രണ്ട് ഡോര്‍ തുറന്ന അവന്റെ വാക്കുകള്‍ക്കു അയാള്‍ കാതോര്‍ത്തു.
"മുത്തച്ഛന്‍ പറഞ്ഞതെല്ലാം എനിക്ക് കാണാം.. ഹരിതാഭം എന്ന ഫ്ലാറ്റിനു മുകളില്‍ 'L' ഷേപ്പില്‍ ഒരു കീറ് ആകാശം, 'q' ഷേപ്പുള്ള മുരിങ്ങയില്‍ എക്സോസ്റ്റ് ഫാനില്‍ നിന്നുള്ള മാരുതന്‍........."
ഓടയുടെ ചക്രവാളത്തില്‍ എലികള്‍ ഉദിച്ചുയരുമ്പോള്‍ മുത്തച്ഛന്‍ ചാരുകസേരയില്‍ അസ്തമിച്ചു തുടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)