ശനിയാഴ്‌ച, നവംബർ 21, 2009

ഇറു

പരിശോധനാ മുറിയിലേയ്ക്ക് അല്പം മടിയോടെ കടന്നു വന്ന വെളുത്ത് കിളരം കൂടിയ ചെറുപ്പക്കാരനോട്‌ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു
"ഇരിക്കൂ"
ഒന്നും ഉരിയാടാതെ പരുങ്ങുന്ന അയാളോട് നേഴ്സ് കൊടുത്ത കുറിപ്പില്‍ നോക്കി ഡോക്ടര്‍ ചോദിച്ചു
"എന്താ ജീവാ അസുഖം?"
മറുപടി പറയാതെ ടാജ്മാഹല്‍ ആലേഖനം ചെയ്ത മനോഹരമായ പേപ്പര്‍വെയിറ്റിന്റെ സ്ഥാനം അയാള്‍ നേരെയാക്കി. അതിനിടെ കൈതട്ടി താഴെ വീണ ടേബിള്‍ കലണ്ടെര്‍ ആയാസപ്പെട്ടെടുത്തു മുഖം തിരിച്ചുവച്ചു. ഒരു ചാട്ടുളി പോലെ പാഞ്ഞു വന്ന നേഴ്സിന്റെ വെളുത്ത കൈകള്‍ കലണ്ടര്‍ തിരിച്ചു വക്കുമ്പോള്‍ വിജയപരാജയ ഭാവങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു.
"അത്.. ഈ വിരലിനൊരു പ്രശ്നം.. "
ലെതര്‍ സ്ട്രാപിനിടയിലൂടെ പുറത്തേക്കു ചാടി നില്‍ക്കുന്ന വലതു കാലിലെ തുടുത്ത ഞാലിപ്പൂവന്‍  പഴം പോലത്തെ ചെറുവിരലില്‍ തൊട്ടുകൊണ്ട്‌ അയാള്‍ പറഞ്ഞു.
"എന്ത് പറ്റി?" പുരികം ചുളിച്ച് ആ വിരലിലേക്ക് നോക്കുന്നതിനിടെ ഡോക്ടര്‍ ചോദിച്ചു.
എന്തോ കൃത്യവിലോപം നടത്തിയവനെ പോലെ നേഴ്സിനെ തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ കണ്ണ് തെറ്റിച്ച്‌ ടേബിള്‍ കലണ്ടറില്‍ നോക്കി അയാളെ പീഢിപ്പിച്ചു. ഈ ലോകം ഇതിലപ്പുറം ചെയ്യും എന്ന മട്ടില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"അത്.. മൂന്നു വര്‍ഷം മുന്‍പാ ഡോക്ടര്‍.. ഞാനെന്‍റെ സ്കൂട്ടറില്‍ ടൌണിലെ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. രോഗിയായ ഒരു സഹപ്രവര്‍ത്തകനെ കാണാന്‍.. കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോഴാണ് എന്റെയീ വിരല്‍ ഗെയിറ്റില്‍ ഉരഞ്ഞത്. ആ തിരക്കിനിടെ ഒന്നും കാര്യമാക്കീല്ല. ഒരു നേഴ്സാണ് വിരലിലെ മുറിവ് കണ്ടെത്തിയതും മരുന്ന് വച്ചതും.. ഏതായാലും ഒരാഴ്ച കൊണ്ട് മുറിവുണങ്ങി.."
"പിന്നെ ഇപ്പോഴെന്താ പ്രശ്നം?" ഡോക്ടര്‍ക്ക് ആകാംക്ഷയായി.
"അത്.." അയാളുടെ മുഖത്ത് നാണത്തിന്റെ ഇളം ചുവപ്പ് പരന്നു
"വേദനയുണ്ടോ ഇപ്പൊ.."
"വേദന.." വേദനയുണ്ടോ എന്ന ചോദ്യം അയാള്‍ തലച്ചോറിലേക്കയച്ചുകൊണ്ടിരുന്നു. തലച്ചോറിന്റെ മറുപടിക്കായ് അയാള്‍ നെറ്റി ചുളിച്ചു, കണ്ണുകള്‍ വിടര്‍ത്തി, നിവര്‍ന്നിരുന്നു.
 "കാലു നീട്ടൂ.." ഡോക്ടര്‍ കുനിഞ്ഞു ആ വിരല്‍ പല ദിശകളിലേക്കമര്‍ത്തി. ഇടയ്ക്കിടെ അയാളുടെ മുഖത്ത് നോക്കുന്നുമുണ്ട്. കാല്‍ പിന്നോട്ട് വലിച്ചുകൊണ്ട് അയാള്‍ പറഞ്ഞു
"വേദനയൊന്നുമില്ല ഡോക്ടര്‍..  ഈയിടെയായെനിക്ക്.."  പെട്ടെന്നാണയാള്‍ പിറകില്‍ നേഴ്സിന്റെ സാന്നിധ്യമോര്‍ത്തത്   .
"തിരക്കുള്ള സമയമാ ജീവാ.. "
ഡോക്ടര്‍ അക്ഷമ കാട്ടി. സത്യത്തില്‍ ഡോക്ടറുടെ ആകാംക്ഷ അക്ഷമയുടെ രൂപത്തില്‍ പുറത്തു വരികയായിരുന്നു.
"നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ.. ഞങ്ങള്‍ മൂന്നു സുഹൃത്തുക്കളായിരുന്നു ..  ഞാനും സുരേഷ്ബാബൂം സജീം.. സുരേഷ്ബാബു അവന്റെ നെറ്റിയില്‍ ചില ചലനങ്ങളുണ്ടാക്കി കാണിക്കും. നെറ്റിയോടൊപ്പം അവന്റെ ഇരു ചെവികളും നൃത്തം ചവിട്ടും. സജീം വിട്ടു കൊടുക്കില്ല.  ചൂണ്ടാണി വിരല്‍ കൊണ്ട് മൈക്കിള്‍ജാക്സന്‍ നൃത്തം കളിപ്പിക്കും അവന്‍.., അപ്പൊ.. ഞാനും.. പിടിച്ചു നില്‍ക്കണോല്ലോ ഡോക്ടര്‍.."
അയാളുടെ മുഖത്ത് വീണ്ടും നാണം പടര്‍ന്നു.
ഡോക്ടര്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കിയിരിക്കുകയാണ്. ഇരുട്ടില്‍ ഒരു സസ്പെന്‍സ് ത്രില്ലറിന്റെ അവസാന രംഗം കാണുന്ന മട്ടില്‍ തല മുന്നോട്ടു നീട്ടി കണ്ണ് തുറിച്ചു നില്‍ക്കുകയാണ് നേഴ്സ്.
"കാല്‍ നിലത്തുറപ്പിച്ച്  ഈ ചെറുവിരല്‍ കൊണ്ട് 'ഇറു'വെന്നെഴുതി കാണിക്കും ഞാന്‍.."
അയാളുടെ മുഖത്തെ നാണം ഒരു കുട്ടിത്തമുള്ള ചിരിക്കു വഴിമാറി.
"ഇറുവോ?" ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
"അതെ ഋഷീടെ ഇറു ഋഷഭത്തിന്റെ ഇറു"
പിറകില്‍ നേഴ്സിന്റെ ചിരി ഒരു നിമിഷം പൊട്ടി പുറത്തുചാടി. അത് പുച്ഛഭാവമായി ചുണ്ടുകളുടെ ഒരു കോണില്‍ അവശേഷിച്ചു. ഡോക്ടര്‍ അമ്പരപ്പോടെ അയാളെ നോക്കുകയാണ്.
"പത്താം ക്ലാസില്‍ വച്ചും കോളേജിലും എന്തിനേറെ സര്‍ക്കാരാപ്പീസില്‍ ഉച്ചയൂണ് കഴിഞ്ഞു തല ചായ്ച്ചു മയങ്ങുംപോഴും എനിക്കിറുവെന്നെഴുതാന്‍ കഴിയുമായിരുന്നു, പക്ഷെ.."
അയാളുടെ മുഖം വിവര്‍ണ്ണമായി, നേഴ്സിന്റെ സാന്നിധ്യം അപ്പോളയാള്‍ ‍അറിഞ്ഞില്ല.
"എപ്പോഴാണെന്നറിയില്ല, ഏതായാലും ആ അപകടത്തിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി എനിക്കത് പറ്റിയിട്ടില്ല... ഡോക്ടര്‍ വിശ്വസിക്കില്ല,  ഇപ്പൊ എന്റെ ജീവിതത്തിലെ ഉറങ്ങാത്ത ഓരോ നിമിഷങ്ങളും ഞാന്‍ ഇറുവെഴുതി പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. ഭാര്യ ഇന്നലെ പറഞ്ഞു ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ഞാനവളുടെ പാദങ്ങളില്‍ നിരന്തരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെന്ന്.."
ഡോക്ടര്‍ സീറ്റില്‍ അമര്‍ന്നിരുന്നു. അദേഹത്തിന്റെ മുഖത്ത് ജിജ്ഞാസയുടേയും കൌതുകത്തിന്റെയും വേലിയേറ്റം അവസാനിച്ചത്‌ പോലെ. പകരം അസ്വസ്ഥമായ ഒരു ഗൌരവം അവിടെ പടര്‍ന്നു. അത് തിരിച്ചറിയാഞ്ഞത്‌ കൊണ്ടാവും സുന്ദരിയായ
നേഴ്സ്‌ മൌനം ഭേദിച്ചത്.
"അഡ്മിറ്റ്‌ ചെയ്താലോ ഡോക്ടര്‍.. ഇറുവെഴുതുന്നത്‌ വരെ.."
ഒരു തമാശെന്ന മട്ടിലാണ് അവളതു പറഞ്ഞത്. ഡോക്ടര്‍ അവളെ നോക്കി. ശാന്തമെങ്കിലും ആ നോട്ടത്തിന്റെ വിവിധാര്‍ത്ഥതലങ്ങള്‍ക്കിടയില്‍ ഒരു കുറ്റവാളിയെപോലെ അവള്‍ പരുങ്ങി.
"സോറി ഡോക്ടര്‍.."
കയ്യില്‍ ഒതുക്കി പിടിച്ചിരുന്ന ഏതോ കേസ്ഹിസ്ടറിയില്‍ മുഖമൊളിപ്പിച്ച് അവള്‍ രക്ഷപെട്ടു.
"അയാം ഹെല്പ്ലെസ്സ് ജീവന്‍.." ഡോക്ടര്‍ അയാളെ നോക്കി.
"എന്റെ വിദേശ ഡിഗ്രികള്‍ക്ക് ജീവനെ സഹായിക്കാനാവുമെന്ന് തോന്നുന്നില്ല, അയാം സോറി.."
ഡോക്ടര്‍ അടുത്ത നിമിഷം വിങ്ങിപോകുമോ എന്ന് പോലും നേഴ്സിനു തോന്നി. അതെന്തിനായിരിക്കുമെന്നും, വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് പറഞ്ഞു ചിരിക്കാന്‍ ഒരു
തമാശയായെന്നും അവള്‍ ഓര്‍ത്തു.
"ചിലപ്പോ ഒന്നും ചെയ്യാതെ തന്നെ എന്റെ പ്രശ്നം മാറിയാലോ.. അല്ലെ ഡോക്ടര്‍.. ഇനിയും കുറേക്കാലം കഴിഞ്ഞ്? "
ഡോക്ടര്‍  തല കുലുക്കുമ്പോള്‍ അയാളെണീറ്റ് പതിയെ തിരിഞ്ഞു നടന്നു തുടങ്ങി. കാരണമൊന്നായിരുന്നില്ലെങ്കിലും അത്ര വേഗം അയാള്‍ പോകേണ്ടിയിരുന്നില്ല എന്ന്
ഡോക്ടറും നേഴ്സും വെറുതെ ആശിച്ചു.
 "ജീവന്‍.." ഡോക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം അയാളെ പിടിച്ചു നിര്‍ത്തി.
"എന്നെങ്കിലും ജീവന്റെ വലതു കാലിലെ ചെറുവിരല്‍ ഇനിയും ഇറുവെന്നെഴുതിയാല്‍ എന്നെ അറിയിക്കണം.."
ആലോചനയോടെ തലകുലുക്കി അയാള്‍ പുറത്തേക്ക് നടന്നു. കുട്ടിത്തം മാറാത്ത സുന്ദരിയായ നേഴ്സ്‌ കേസ്ഹിസ്ടറികള് നെഞ്ചത്തടുക്കി പിടിച്ചുനിന്ന് കൊണ്ടെഴുതിയ ഇറുകള്‍ അവള്‍ക്കു ചുറ്റും ചിതറിക്കിടന്നു.

ചൊവ്വാഴ്ച, നവംബർ 03, 2009

തിലോത്തിമ

എന്തിനാണയാള്‍ തന്നെ നോക്കിയത്?  ബസ്റ്റോപ്പിന്റെ ഒരൊഴിഞ്ഞ കോണില്‍ അലക്ഷ്യമായ്‌ നില്‍ക്കുകയായിരുന്ന തിലോത്തിമ മനസ്സില്‍ ചോദിച്ചു.

ദേ വീണ്ടും..  പാഞ്ഞു പോകുകയായിരുന്ന ആഡംബര കാറിന്റെ പാതിയടഞ്ഞ കറുത്ത ചില്ലുകള്‍ക്കു മേല്‍ താന്‍ കണ്ടതും കാമാര്ത്തമായി തന്നെ നോക്കുന്ന രണ്ടു പുരുഷ നേത്രങ്ങളായിരുന്നില്ലേ?

എന്റീശ്വരാ എനിക്ക് വയ്യ... നിര്‍ത്തിയിട്ട ബസില്‍ നിന്നും എത്ര പേരാണ് തന്നെ ആര്‍ത്തിയോടെ നോക്കുന്നത്?

ഈ ലോകത്തിനു മുഴുവന്‍ ഭ്രാന്ത്‌ പിടിച്ചോ? അല്ലെങ്കില്‍ പിന്നെ ഏറെക്കുറെ വിരൂപിണിയായ തന്നെയിങ്ങനെ?.. താനതിനു വിരൂപിണിയാണോ?  തീര്‍ത്തും കറുത്തതെന്നാരും പറയില്ല.. തന്നേക്കാള്‍ പൊക്കം കുറഞ്ഞവരും ധാരാളം. അങ്ങനെയങ്ങനെ പറയുകയാണെങ്കില്‍............
പക്ഷെ തിലോത്തിമക്ക് എല്ലാം പെട്ടെന്നങ്ങ് മറക്കാന്‍ കഴിയുമോ? നാലാം ക്ലാസില്‍ വച്ച് ജയപ്രകാശ്‌ മാഷിട്ട 'മുണ്ടിക്കാക്ക' എന്ന പേര് തന്നെ അറിയുന്നവരുടെ എല്ലാം നാവിന്‍ തുമ്പിലില്ലേ?

അയ്യോ ഞാനെങ്ങനെ സഹിക്കും?  ഒരാള്‍ നടപ്പ് നിര്‍ത്തി തുറിച്ചു നോക്കുന്നു. അല്പം വെള്ളവും ഇറക്കിയോ എന്ന് സംശയം. സന്തോഷം സഹിക്ക വയ്യാഞ്ഞ് തിലോത്തിമ ഒരു ഇഷ്ടികമേല്‍ കയറി നിന്ന് മുന്‍പില്‍ ചലിക്കുന്ന ഉയരമില്ലാത്തവരെ സഹതാപത്തോടെ നോക്കി. നോക്കപ്പെട്ടവരുടെ കൂടെ  നാഗരികനായ ഒരു പൂച്ചയും കട്ടുറുമ്പുകളുടെ ഒരു സംഘവുമുണ്ടായിരുന്നു.

തിലോത്തിമ ചുറ്റും ഒന്ന് കണ്ണോടിച്ചു. തന്നെ ഇമ വെട്ടാതെ നോക്കുന്നവരുടെ ഇടയില്‍ അസൂയ പുരണ്ട കണ്ണുകളുമായി ഒരു സുന്ദരിയുമുണ്ടെന്നത് തിലോത്തിമയെ ഉന്മത്തയാക്കി. താന്‍ ഒരു സുന്ദരി എന്നൊരു യാഥാര്ത്യത്തില്‍ മനസ് മുഴുവനായും അലിഞ്ഞു ചേര്‍ന്നപ്പോള്‍ തന്നെ കമാവേശത്തോടെ നോക്കുന്നവരോട് ജീവിതത്തിലാദ്യമായി തിലോത്തിമക്ക് പുച്ഛം തോന്നി.

ഛെ എന്തൊരു കഷ്ട്ടം!  തൊട്ടു മുന്‍പില്‍ വന്നു നിന്ന് തുറിച്ചു നോക്കി ചിരിക്കു‌ന്ന യാചക ബാലനെ ഒഴിവാക്കാന്‍ തിലോത്തിമ ഇടതു വശത്തേക്കല്പം നീങ്ങി നിന്നു. ബാലന്‍ പക്ഷെ തിലോത്തിമ മുന്‍പ് നിന്നിരുന്ന സ്ഥലത്ത് നോക്കി കൂടുതല്‍ നന്നായി ചിരിച്ചു. ഞെട്ടലോടെയാണ് പിന്ഭിത്തിയില്‍ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്റര്‍ തിലോത്തിമ കണ്ടത്.

വര്‍ത്തമാന സമൂഹത്തിനു വന്നു ചേര്‍ന്ന ധാര്‍മിക അധ:പതനത്തില്‍ പ്രധിഷേധിച്ച് തിലോത്തിമ ഇഷ്ടികമേല്‍ ‍നിന്ന്  ഇറങ്ങി, ബസ്‌ വരുന്നതിനായി വെമ്പല്‍ കൊണ്ടു.