ചൊവ്വാഴ്ച, നവംബർ 03, 2009

തിലോത്തിമ

എന്തിനാണയാള്‍ തന്നെ നോക്കിയത്?  ബസ്റ്റോപ്പിന്റെ ഒരൊഴിഞ്ഞ കോണില്‍ അലക്ഷ്യമായ്‌ നില്‍ക്കുകയായിരുന്ന തിലോത്തിമ മനസ്സില്‍ ചോദിച്ചു.

ദേ വീണ്ടും..  പാഞ്ഞു പോകുകയായിരുന്ന ആഡംബര കാറിന്റെ പാതിയടഞ്ഞ കറുത്ത ചില്ലുകള്‍ക്കു മേല്‍ താന്‍ കണ്ടതും കാമാര്ത്തമായി തന്നെ നോക്കുന്ന രണ്ടു പുരുഷ നേത്രങ്ങളായിരുന്നില്ലേ?

എന്റീശ്വരാ എനിക്ക് വയ്യ... നിര്‍ത്തിയിട്ട ബസില്‍ നിന്നും എത്ര പേരാണ് തന്നെ ആര്‍ത്തിയോടെ നോക്കുന്നത്?

ഈ ലോകത്തിനു മുഴുവന്‍ ഭ്രാന്ത്‌ പിടിച്ചോ? അല്ലെങ്കില്‍ പിന്നെ ഏറെക്കുറെ വിരൂപിണിയായ തന്നെയിങ്ങനെ?.. താനതിനു വിരൂപിണിയാണോ?  തീര്‍ത്തും കറുത്തതെന്നാരും പറയില്ല.. തന്നേക്കാള്‍ പൊക്കം കുറഞ്ഞവരും ധാരാളം. അങ്ങനെയങ്ങനെ പറയുകയാണെങ്കില്‍............
പക്ഷെ തിലോത്തിമക്ക് എല്ലാം പെട്ടെന്നങ്ങ് മറക്കാന്‍ കഴിയുമോ? നാലാം ക്ലാസില്‍ വച്ച് ജയപ്രകാശ്‌ മാഷിട്ട 'മുണ്ടിക്കാക്ക' എന്ന പേര് തന്നെ അറിയുന്നവരുടെ എല്ലാം നാവിന്‍ തുമ്പിലില്ലേ?

അയ്യോ ഞാനെങ്ങനെ സഹിക്കും?  ഒരാള്‍ നടപ്പ് നിര്‍ത്തി തുറിച്ചു നോക്കുന്നു. അല്പം വെള്ളവും ഇറക്കിയോ എന്ന് സംശയം. സന്തോഷം സഹിക്ക വയ്യാഞ്ഞ് തിലോത്തിമ ഒരു ഇഷ്ടികമേല്‍ കയറി നിന്ന് മുന്‍പില്‍ ചലിക്കുന്ന ഉയരമില്ലാത്തവരെ സഹതാപത്തോടെ നോക്കി. നോക്കപ്പെട്ടവരുടെ കൂടെ  നാഗരികനായ ഒരു പൂച്ചയും കട്ടുറുമ്പുകളുടെ ഒരു സംഘവുമുണ്ടായിരുന്നു.

തിലോത്തിമ ചുറ്റും ഒന്ന് കണ്ണോടിച്ചു. തന്നെ ഇമ വെട്ടാതെ നോക്കുന്നവരുടെ ഇടയില്‍ അസൂയ പുരണ്ട കണ്ണുകളുമായി ഒരു സുന്ദരിയുമുണ്ടെന്നത് തിലോത്തിമയെ ഉന്മത്തയാക്കി. താന്‍ ഒരു സുന്ദരി എന്നൊരു യാഥാര്ത്യത്തില്‍ മനസ് മുഴുവനായും അലിഞ്ഞു ചേര്‍ന്നപ്പോള്‍ തന്നെ കമാവേശത്തോടെ നോക്കുന്നവരോട് ജീവിതത്തിലാദ്യമായി തിലോത്തിമക്ക് പുച്ഛം തോന്നി.

ഛെ എന്തൊരു കഷ്ട്ടം!  തൊട്ടു മുന്‍പില്‍ വന്നു നിന്ന് തുറിച്ചു നോക്കി ചിരിക്കു‌ന്ന യാചക ബാലനെ ഒഴിവാക്കാന്‍ തിലോത്തിമ ഇടതു വശത്തേക്കല്പം നീങ്ങി നിന്നു. ബാലന്‍ പക്ഷെ തിലോത്തിമ മുന്‍പ് നിന്നിരുന്ന സ്ഥലത്ത് നോക്കി കൂടുതല്‍ നന്നായി ചിരിച്ചു. ഞെട്ടലോടെയാണ് പിന്ഭിത്തിയില്‍ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്റര്‍ തിലോത്തിമ കണ്ടത്.

വര്‍ത്തമാന സമൂഹത്തിനു വന്നു ചേര്‍ന്ന ധാര്‍മിക അധ:പതനത്തില്‍ പ്രധിഷേധിച്ച് തിലോത്തിമ ഇഷ്ടികമേല്‍ ‍നിന്ന്  ഇറങ്ങി, ബസ്‌ വരുന്നതിനായി വെമ്പല്‍ കൊണ്ടു.

7 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ശരിക്കും ഇഷ്ടപ്പെട്ടു...ന്നു വെച്ച ഒത്തിരി ഇഷ്ടപ്പെട്ടു ..
പാവം അന്നേരം ചമ്മിയ ചമ്മല്‍ എന്തായിരുന്നു.. ശ്ശൊ

എറക്കാടൻ / Erakkadan പറഞ്ഞു...

ഇത്തരത്തിൽ ചമ്മിയ സുന്ദരികളേയും എനിക്കു പരിചയമുണ്ട്‌

ഭൂതത്താന്‍ പറഞ്ഞു...

ഹ ഹ ..ഷക്കീലായ ...നമ : ....സൂപര്‍ ചമ്മല്‍ ...തിലോത്തമ മാരും..തിലോത്തമന്‍ മാരും ...ഇങ്ങനെ ചമ്മാരുണ്ട്....ഏയ് ഞാന്‍ ചമ്മിട്ടോന്നും...ഇല്ലാട്ടോ ....സത്യായിട്ടും ...ഹ ഹ

കൊച്ചുതെമ്മാടി പറഞ്ഞു...

ഹ ഹ.....
നന്നായി...

താരകൻ പറഞ്ഞു...

എല്ലാ കണ്ണുകളും എന്നെയുഴിയുന്നു എന്ന ചില സ്ത്രീ ഡംഭുകൾ ക്കൊരു അടിയായി പൊയി...

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നല്ലൊരു കഥ ...
പറഞ്ഞതും നന്നായി...

Shine Narithookil പറഞ്ഞു...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.