ഞായറാഴ്‌ച, ഡിസംബർ 20, 2009

ആരും കേള്‍ക്കാത്ത ചിറകടി

എപ്പോഴാണ് ഞാനാ വഴിയിലെ യാത്രക്കാരനായതെന്ന് എനിക്കോര്‍മ്മയില്ല. ഞാനോര്‍ക്കുന്ന യാത്രയുടെ പ്രാരംഭ ഭാഗത്ത്‌ എന്റെ കയ്യില്‍ രണ്ട്‌ വസ്തുക്കളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പാല്‍ നിറച്ച ഒരു കിണ്ണമായിരുന്നു. ഇടവേളകളില്‍ അതിലെ വറ്റാത്ത പാല്‍ കുടിച്ചു ഞാന്‍ തൃപ്തനായി. മറ്റൊന്ന് ഒരു കളിപ്പാട്ടമായിരുന്നു. അതിനു രണ്ട്‌ ചക്രങ്ങളുള്ള ഒരു കുതിരവണ്ടിയുടെ ആകൃതിയായിരുന്നു. അതിന്റെ ചന്ധനഗന്ധത്തിന് ഒരു പഴഞ്ചന്‍ വശീകരണശേഷിയുണ്ടായിരുന്നു. 

എന്നോ ഒരിക്കല്‍ പാല്കുടിയില്‍ മുഴുകിയിരിക്കവെ, ആരോ അപഹരിച്ചുകൊണ്ട് പോകുംവരെ മാത്രമേ ഞാനാ വണ്ടി ഇഷ്ടപ്പെട്ടുള്ളൂ. പിന്നെ അത് യാത്രയുടെ ഒരു ഭാഗമാണെന്നു എനിക്ക് തോന്നി. മാത്രമല്ല അന്ന് എനിക്ക് എഴുത്തോലയോടൊപ്പം പൊതിഞ്ഞ ഒരു എഴുത്താണി കിട്ടുകയും ചെയ്തു. എഴുതുന്നതിന്റെ രസം മനസിലായത് പെട്ടെന്നാണ്. എഴുതുന്ന രസത്തില്‍ വഴിയിലെവിടെയോ എന്റെ പാല്‍കിണ്ണം എനിക്ക് നഷ്ടമായി. നിര്‍വ്വാഹമില്ലായ്കയാല്‍ വിശന്നപ്പോള്‍ ഞാന്‍ വഴിവക്കില്‍ നിന്ന് പലതും പറിച്ചു തിന്നു. പലരും പലതും തന്നു. എനിക്ക് കുറ്റബോധമോ പശ്ചാത്താപമോ തോന്നിയില്ല. കാരണം, എല്ലാവരും എല്ലാവരെയും ആശ്രയിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണത്തിന് കൈ നീട്ടിയ ആള്‍ക്ക് മുന്‍പില്‍ എന്നെപ്പോലെ വേറെയും ചിലരുണ്ടായിരുന്നു. അവരെല്ലാം എന്നെ ചിരിച്ചു കാണിക്കുകയും എന്റെ തോളില്‍ കയ്യിടുകയും ചെയ്തു.

എനിക്ക് അദ്ഭുതമായി തോന്നിയ കാര്യം, എന്നെ എഴുത്ത് പഠിപ്പിക്കാന്‍ ഒരാള്‍ ബദ്ധപ്പെടുന്നത്‌ കണ്ടതാണ്. അയാള്‍ ദ്രുദഗദിയില്‍ ചലിക്കുന്ന എന്നെ എഴുതിക്കാന്‍ നന്നേ ബുദ്ധിമുട്ടി. വീഥിയിലെവിടെയോ വച്ച് അയാളുടെ വേഗത കുറഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ എനിക്ക് ഗുരുവായി. അയാള്‍ നാവില്‍ പാണ്ഠിത്യവും നയനങ്ങളില്‍ ഗൌരവവുമുള്ളയാളായിരുന്നു. അതിനാല്‍ത്തന്നെ യാത്ര എനിക്ക് വിരസമായിത്തുടങ്ങി.
അര്‍ത്ഥശൂന്യമായ ഏതാനും വാക്കുകള്‍ ഉരുവിട്ടതോടെ അയാള്‍ എന്നെ വിട്ടുപോയി. പിന്നെ ആരും എന്നെ എഴുതിപ്പിക്കാന്‍ ബുദ്ധിമുട്ടിയില്ല. മന:പ്പൂര്‍വ്വം തന്നെ, എന്റെ പുതുമണം മാറാത്ത എഴുത്തോല ഞാന്‍ സമീപത്ത് ഒഴുകുന്ന വല്ലരിയിലേക്ക് വലിച്ചെറിഞ്ഞു. എനിക്ക് മുന്‍പേ ഓല വലിച്ചെറിഞ്ഞ ഒരു മെലിഞ്ഞ രൂപം എന്നെ മാടിവിളിച്ചു. അയാളുടെ വായില്‍ നിന്ന് എന്തിന്റെയോ ഗന്ധം ഉയരുന്നുണ്ടായിരുന്നു. അയാള്‍ എന്റെ നേരെ നീട്ടിയ പാത്രത്തില്‍ നിന്നും ആ ഗന്ധം തന്നെ ഉയര്‍ന്നു. അതൊരു നല്ല പാനീയമാനെന്നു ഞാന്‍ വൈകാതെ മനസിലാക്കി. അയാള്‍ പറഞ്ഞു തന്ന പല കാര്യങ്ങളും എന്നില്‍ പുതുവികാരങ്ങള്‍ ഉണര്‍ത്തി. അവയെല്ലാം എന്റെ യാത്രയിലെ ധന്യനിമിഷങ്ങളായി എനിക്ക് തോന്നി.

ഒരിക്കല്‍ മുന്നില്‍ പോകുന്ന സ്ത്രീ എന്നെ കൈകൊട്ടി വിളിച്ചു. കിതച്ചുകൊണ്ടോടിച്ചെന്ന എന്നോട് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ, അവള്‍ തന്റെ ചൈതന്യമറ്റ വിരലുകള്‍ പൊക്കിള്‍ച്ചുഴികളിലിറക്കി എന്തൊക്കെയോ കാണിച്ചു. എനിക്ക് അതിഷ്ട്ടമായി.

"എന്നോടൊപ്പം വരൂ" അവള്‍ ക്ഷണിച്ചു.
"തീര്‍ച്ചയായും" ഞാന്‍ അവളോടൊപ്പം യാത്രയായി.
രസകരമായ യാത്രയുടെ ഒടുവില്‍ അവളെന്റെ ഭാണ്ഡമഴിച്ചു. നാണയങ്ങള്‍ മുഴുവന്‍ പെറുക്കിയെടുത്ത് പോകാന്‍ ഒരുമ്പെട്ടു.
"പോകയാണോ? " ഞാന്‍ ആലസ്യത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ  ഉരുവിട്ടു.
"ഹും.." അവള്‍ പുച്ഛത്തോടെ നട തുടങ്ങി.
"എന്റെ നാണയങ്ങള്‍..." ആ വാക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി. അപ്പോഴേക്കും അവള്‍ എനിക്ക് പാനീയം തന്ന രൂപത്തോടൊപ്പം യാത്ര തുടര്‍ന്നിരുന്നു.

എനിക്ക് യാത്ര വിരസമായി തോന്നി. എനിക്ക് ഭക്ഷണം തരുമായിരുന്ന ആള്‍ വഴിക്കെവിടെയോ യാത്ര നിര്‍ത്തി. എന്നെ ചിരിച്ച് കാണിച്ചിരുന്നവര്‍ ചിരിക്കാതെയുമായി. യാത്ര നിര്‍ത്താമെന്ന് വേദനയോടെ നിനച്ചിരിക്കെ ഒരു സ്ത്രീ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവളുടെ പൊക്കിള്‍ച്ചുഴികള്‍ക്കും വിരല്‍ത്തുമ്പുകള്‍ക്കും ചൈതന്യമുണ്ടായിരുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് അഭ്യാസം കാട്ടാന്‍ അവള്‍ അവള്‍ മിനക്കെട്ടുമില്ല.

"എന്റെ കയ്യില്‍ ഒന്നുമില്ല.." നിരാശതയോടെ ഞാന്‍ പറഞ്ഞു.
" എനിക്കൊന്നും വേണ്ട, ഞാന്‍ കൂടി പോരട്ടെ? " അവള്‍ ചോദിച്ചു.

വീണ്ടും രസകരമായ യാത്ര. ഇടക്കെപ്പോഴോ അവളും എന്റെ ഭാണ്ഡ൦ തുറന്നു. പക്ഷെ നാണയങ്ങള്‍ തിരഞ്ഞില്ല. മറിച്ച് ഭാണ്ഡം രണ്ടായി പകുത്ത്, പകുതി അവള്‍ വഹിച്ചു. തുടര്‍ന്ന് അവള്‍ എന്റെ എല്ലാ ദുഖങ്ങളുടെയും പകുതി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി അവള്‍ക്ക് കൂട്ടായെങ്കിലും യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു.

നാഴികകള്‍ പിന്നിട്ടപ്പോള്‍ അവള്‍ നടക്കാനാവാത്ത വിധം വിരൂപയായി. എന്നോ ഒരിക്കല്‍ ഉണര്‍ന്നപ്പോള്‍ അവള്‍ കയ്യില്‍ ഭാണ്ഡത്തിനടുത്തായി മറ്റൊരു വസ്തു അടക്കി പിടിച്ചിരുന്നു. അവളുടെ വിരൂപത നഷ്ടപ്പെട്ടതും ഞാന്‍ ശ്രദ്ധിച്ചു. അടക്കി പിടിച്ച വസ്തുവിന് അവളുടെ ആകൃതിയുള്ള ചെറിയ തലയും ചെറിയ ഉടലും നീളം കുറഞ്ഞ കൈകാലുകളും ആയിരുന്നു. എന്റെ ഭൂതവര്‍ത്തമാന കാലങ്ങളിലെങ്ങും ഇത്തരമൊരു രൂപം എനിക്കുള്ളതായി തോന്നിയിട്ടില്ല. വളരെ പെട്ടെന്ന് ആ ജീവി എന്നോട് താദാദ്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു. എനിക്കങ്ങനെ തോന്നാന്‍ കാരണം, ഏതോ ഒരു നിമിഷാര്‍ധത്തില്‍ അതിന്റെ കയ്യില്‍ വന്നുപെട്ട പാല്‍ക്കിണ്ണമായിരുന്നു. അതിനു ഞാന്‍ ഉപേക്ഷിച്ച പാല്‍ കിണ്ണത്തോട്  സാദൃശ്യമുണ്ടായിരുന്നു. അതിന്റെ കളികളില്‍ ലയിച്ചു യാത്രയാകവേ, എന്റെ ഭാണ്ഡം ചുമപ്പുകാരി പലതവണ വിരൂപയാവുകയും വിരൂപത കൈവെടിയുകയും ചെയ്തു കൊണ്ടിരുന്നു. എപ്പോഴോ ഞങ്ങളുടേത് ഒരു യാത്രാ സംഘമായി കഴിഞ്ഞിരുന്നു.

ഭാണ്ഡം ചുമപ്പുകാരി തന്റെ ഭാണ്ഡത്തിന്റെ പകുതി ഭാരം കൂടെയുണ്ടായിരുന്നവരില്‍ വലിയവനെ ഏല്പിച്ചു. എന്നിട്ടും അവള്‍ കിതയ്ക്കുകയും എണ്ണമയം നഷ്ടപ്പെട്ട ബാഹ്യചര്മ്മങ്ങളില്‍ ലക്ഷ്യമില്ലാതെ ചൊറിയുകയും ചെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ടോ എനിക്കും അങ്ങിനെയൊക്കെ ചെയ്യണമെന്നു തോന്നി.

യാത്ര തുടരാന്‍ വിഷമമുണ്ടെങ്കിലും യാത്ര അവസാനിപ്പിക്കുന്ന ഒരവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ എനിക്കാവുമായിരുന്നില്ല.  അവളും അത് തന്നെ പറഞ്ഞു. ദ്രുതഗതിയില്‍ ചലിക്കുന്ന ഞങ്ങളുടെ യാത്രാസംഖം യാത്ര നിര്‍ത്തി ഒതുങ്ങിക്കൂടിയ അപരിചിതര്‍ക്കായി സമയം ചിലവഴിച്ചു.

"ഈ യാത്ര എങ്ങോട്ടാ? " ഒരിക്കല്‍ എഴുത്താണി രാകി കൊണ്ടിരുന്ന ഇളയവന്‍ ചോദിച്ചു.
"ഈ വഴി തീരുവോളം.." അവള്‍ ഇടയ്ക്കു കയറി പറഞ്ഞു.
"ഈ വഴി എവിടെ തീരും? "
"ഓരോരുത്തരും എത്തിച്ചേരേണ്ട ചില ദൂരങ്ങളുണ്ട്. അതുവരെ ഈ യാത്ര തുടരും." എന്റെ മറുപടി ചിലര്‍ക്ക് ബോധിച്ചു. മറ്റു ചിലര്‍ക്ക് നെടുവീര്‍പ്പുകളായി.

യാത്രയുടെ ഗതിവേഗം അനുക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഏതോ ഒരു നിമിഷം ഏറ്റവും മുന്നില്‍ നടന്നിരുന്ന ഞാന്‍ രണ്ടാമനായി, പിന്നെ മൂന്നാമന്‍. അങ്ങനെ എല്ലാവരും എന്നെ പിന്നിലാക്കി. പക്ഷെ ഞാന്‍ ഏറ്റവും പിറകിലായിരുന്നില്ല. എനിക്കും പിറകെ അവള്‍ വലിയ ഭാരവും ചുമന്നു നടന്നിരുന്നു.

"നിങ്ങളാരെങ്കിലും ഇവളുടെ ഭാണ്ഡമൊന്നു വഹിക്കൂ.." ഞാന്‍ മുന്നില്‍ ചലിക്കുന്ന ദ്രുതജീവികളോടായി പറഞ്ഞു.
എല്ലാവരും തിരിഞ്ഞു നോക്കി. ആരും ഒന്നും ഉരിയാടാതെ യാത്ര തുടരുമെന്ന് തോന്നിയ നിമിഷം ഏറ്റവും ചെറിയവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
"ഞങ്ങളുടെ ഭാണ്ഡം തന്നെ ഞങ്ങള്‍ക്ക് ഭാരമാണ്." യാത്ര കുറെ നേരത്തേക്ക് നിശ്ശബ്ദമായി.
എപ്പോഴോ ക്ഷീണത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. വാരകള്‍ക്ക് പിറകില്‍ അവള്‍ ഭാണ്ഡമുപേക്ഷിച്ചു  കിടക്കുന്നു.
"നീ വരുന്നില്ലേ....?" ഞാന്‍ ചോദിച്ചു.
 "ഇല്ല, നിങ്ങള്‍ പൊയ്ക്കൊള്ളൂ..." ഒരു ചിറകടി ശബ്ദം അകന്നകന്നു പോയി.
"വരുന്നില്ലേ ഞങ്ങള്‍ പോകുന്നു." മുന്‍പില്‍ യാത്ര തുടങ്ങിയ എന്റെ സംഖത്തിലെ മുതിര്‍ന്നവന്‍ ചോദിച്ചു.
"ദാ ഇവള്‍ യാത്ര നിര്‍ത്തിയിരിക്കുന്നു..." എന്റെ ശബ്ദത്തിനു പതിവില്ലാത്ത അഭംഗിയുണ്ടായിരുന്നു.
"അതിനെന്ത്, അവള്‍ എത്തിച്ചേരേണ്ട ദൂരം എത്തിക്കാണും.." അവന്‍ ഞാന്‍ പറഞ്ഞ തത്ത്വം എന്നെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ നിസ്സഹായനായി തിരിഞ്ഞുനോക്കുംപോഴേക്കും ആ സംഘത്തിലെ അവസാന തരിയും വീതിയുടെ നിമ്നതയില്‍ മറഞ്ഞിരുന്നു. എന്റെ ഭാണ്ഡം തോളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നതായി എനിക്ക് തോന്നി. പിന്നെ നഗ്നനാവുന്നതുപോലെയും. ഒടുവില്‍ ഞാന്‍ തന്നെ അലിഞ്ഞലിഞ്ഞില്ലാതായി.
എന്റെ ചിറകടി ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ചൊവ്വാഴ്ച, ഡിസംബർ 08, 2009

പാഴ്ശ്രമം

ചാരേയാര്‍ത്തലക്കുന്നന്ധകാരത്തിന്‍
തായ്വേരുകള്‍ തേടിയലയുന്നു ഞാന്‍
എവിടെയോ ഞാനന്ധനായിരുന്നില്ല
മിഴികളില്‍ അലസതയുടെ
അവശിഷ്ടങ്ങളായിരുന്നില്ല
മരവിച്ചിരുന്നതില്ലയുള്ളം
പകല്കിനാക്കള്‍ക്കുമേറെ നേരം
ഇപ്പോഴീ കൊടും വെയിലില്‍
ഹൃദയതാളം നഷ്ട്പ്പെടുത്തുമീ ചൂടില്‍
തിരയുവതെന്തെന്നറിയുന്നില്ല ഞാന്‍
എവിടെയോ നഷ്ടപ്പെട്ട എന്തോ
ഒരിക്കലും കിട്ടാത്ത എന്തോ
അതോ കിട്ടാനിടയില്ലാത്ത എന്തോ
എന്നും നഷ്ടക്കച്ചവടത്തിനൊരു
പ്രഖ്യാപിത പങ്കാളി ഞാന്‍
ഓരോരോ ചിരികള്‍ പഴികള്‍
അട്ടഹാസങ്ങളായ് മുഴങ്ങവെ
നഷ്ട്ടപ്പെട്ടവയുടെ അസ്ഥിക്കഷ്ണങ്ങളെ
കോര്‍ത്തിണക്കുന്നു ഞാന്‍
ഒന്നും എന്നെ ഞാനാക്കി മാറ്റില്ലെങ്കിലും..

ചൊവ്വാഴ്ച, ഡിസംബർ 01, 2009

ഭാഗ്യം


ഭാഗ്യം രമേശന്റെ ഏഴയലോക്കത്തു കൂടി പോയിട്ടില്ല. രമേശന്‍
പോകുന്നതറിഞ്ഞാല്‍ ഭാഗ്യം മിണ്ടാതെ വീട്ടിലിരിക്കും, കടക്കാരെ പേടിച്ചിരിക്കുന്നത്   പോലെ.

തിയറ്ററില്‍ ക്യൂ നിന്നാല്‍ രമേശന് തൊട്ടു മുന്‍പിലെ ആളാവും അവസാന ടിക്കറ്റ്‌ വാങ്ങുക. ശപിച്ചു കൊണ്ട് മാറിക്കഴിയുമ്പോള്‍ കൌണ്ടര്‍ തുറന്നു രമേശന് പിന്നില്‍ നിന്നയാള്‍ക്ക് വീണ്ടുമൊരവസാന ടിക്കറ്റ്‌ കൊടുത്തെന്നിരിക്കും.അത്യാവശ്യകാര്യത്തിനു പുലര്‍ച്ചെ എണീല്‍ക്കാന്‍ കിടന്നാല്‍ അലാം വച്ചതിനു അഞ്ചു മിനിറ്റ് മുന്‍പ് നിന്ന് പോയ ടൈമ്പീസ്‌ കണ്ടുണരാനാകും രമേശന്റെ വിധി.

യാദൃശ്ചികമായാണെങ്കിലും രമേശന്റെയും ഉറ്റ സുഹൃത്തായ  ഗോപിയുടെയും വിവാഹം ഒരു ദിവസമാണ് നടക്കേണ്ടിയിരുന്നത്. പുറത്തു പറയാന്‍ കൊള്ളില്ലാത്ത ചില കാരണങ്ങളാല്‍ ഗോപിയുടെ വിവാഹം മുടങ്ങി. അവനിന്നും സന്തോഷവാനായി ജീവിക്കുന്നു.

അനന്തമായ നിര്‍ഭാഗ്യ പരമ്പരകള്‍ക്കൊടുവില്‍ ഭാഗ്യം രമേശനെയും ഒന്ന് പുണരാന്‍ നോക്കി. മലമ്പ്രദേശത്തിന് പോയ ബസ് ചുരമിടിഞ്ഞു ബസിലുള്ളവര്‍ ഒന്നൊഴിയാതെ മരിച്ചു. ഊണ് കഴിച്ചു മടങ്ങിവരും മുന്‍പ് ബസ് വിട്ടതിനാല്‍ യാത്രക്കാരനായിരുന്ന രമേശന്‍ മാത്രം രക്ഷപെട്ടു. സഹയാത്രികര്‍ മരിച്ച ദുഖത്തിനിടയില്‍, ആദ്യമായി കൈവന്ന മഹാഭാഗ്യം താങ്ങാന്‍ രമേശന്റെ ഹൃദയധമനികള്‍ക്കായില്ല. രമേശന്റെ വീട്ടിലും ചിതയൊരുങ്ങി.

ദാരുണ മരണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക്  സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. ഹൃദ്രോഗിയുടെ കുടുംബത്തിനു പക്ഷെ അതുകൊണ്ട് കാര്യമില്ലല്ലോ.