ചൊവ്വാഴ്ച, ഡിസംബർ 01, 2009

ഭാഗ്യം


ഭാഗ്യം രമേശന്റെ ഏഴയലോക്കത്തു കൂടി പോയിട്ടില്ല. രമേശന്‍
പോകുന്നതറിഞ്ഞാല്‍ ഭാഗ്യം മിണ്ടാതെ വീട്ടിലിരിക്കും, കടക്കാരെ പേടിച്ചിരിക്കുന്നത്   പോലെ.

തിയറ്ററില്‍ ക്യൂ നിന്നാല്‍ രമേശന് തൊട്ടു മുന്‍പിലെ ആളാവും അവസാന ടിക്കറ്റ്‌ വാങ്ങുക. ശപിച്ചു കൊണ്ട് മാറിക്കഴിയുമ്പോള്‍ കൌണ്ടര്‍ തുറന്നു രമേശന് പിന്നില്‍ നിന്നയാള്‍ക്ക് വീണ്ടുമൊരവസാന ടിക്കറ്റ്‌ കൊടുത്തെന്നിരിക്കും.അത്യാവശ്യകാര്യത്തിനു പുലര്‍ച്ചെ എണീല്‍ക്കാന്‍ കിടന്നാല്‍ അലാം വച്ചതിനു അഞ്ചു മിനിറ്റ് മുന്‍പ് നിന്ന് പോയ ടൈമ്പീസ്‌ കണ്ടുണരാനാകും രമേശന്റെ വിധി.

യാദൃശ്ചികമായാണെങ്കിലും രമേശന്റെയും ഉറ്റ സുഹൃത്തായ  ഗോപിയുടെയും വിവാഹം ഒരു ദിവസമാണ് നടക്കേണ്ടിയിരുന്നത്. പുറത്തു പറയാന്‍ കൊള്ളില്ലാത്ത ചില കാരണങ്ങളാല്‍ ഗോപിയുടെ വിവാഹം മുടങ്ങി. അവനിന്നും സന്തോഷവാനായി ജീവിക്കുന്നു.

അനന്തമായ നിര്‍ഭാഗ്യ പരമ്പരകള്‍ക്കൊടുവില്‍ ഭാഗ്യം രമേശനെയും ഒന്ന് പുണരാന്‍ നോക്കി. മലമ്പ്രദേശത്തിന് പോയ ബസ് ചുരമിടിഞ്ഞു ബസിലുള്ളവര്‍ ഒന്നൊഴിയാതെ മരിച്ചു. ഊണ് കഴിച്ചു മടങ്ങിവരും മുന്‍പ് ബസ് വിട്ടതിനാല്‍ യാത്രക്കാരനായിരുന്ന രമേശന്‍ മാത്രം രക്ഷപെട്ടു. സഹയാത്രികര്‍ മരിച്ച ദുഖത്തിനിടയില്‍, ആദ്യമായി കൈവന്ന മഹാഭാഗ്യം താങ്ങാന്‍ രമേശന്റെ ഹൃദയധമനികള്‍ക്കായില്ല. രമേശന്റെ വീട്ടിലും ചിതയൊരുങ്ങി.

ദാരുണ മരണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക്  സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. ഹൃദ്രോഗിയുടെ കുടുംബത്തിനു പക്ഷെ അതുകൊണ്ട് കാര്യമില്ലല്ലോ.

5 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

അസ്സല്‍ നര്‍മ്മം....
പാവം രമേശന്‍...:)

ഭൂതത്താന്‍ പറഞ്ഞു...

നര്‍മ്മത്തില്‍ പൊതിഞ്ഞു ഒരു നൊമ്പരം ...നല്ല കഥ


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

★ Shine പറഞ്ഞു...

ഇതെന്തോന്ന്?!! എന്റെ പേരുള്ള വെറൊരാൾ വന്നു എന്നെക്കുറിച്ചു കഥ എഴുതുന്നോ?!!!

Jayasree Lakshmy Kumar പറഞ്ഞു...

:))))))

Shine Kurian പറഞ്ഞു...

അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.