ബുധനാഴ്‌ച, ഫെബ്രുവരി 03, 2010

ആല്‍മരച്ചുവട്ടിലെ നായ

ദിനമണിക്ക് വീണ്ടും ഒരബദ്ധം പറ്റി. അതിബുദ്ധിമതി എന്നാണു ദിനമണി സ്വയം കരുതുന്നത്. അതുകൊണ്ട് തന്നെ പറ്റുന്ന അബദ്ധങ്ങള്‍ എന്നും ദിനമണി സ്വകാര്യമായി വച്ചു. അതിലേറെ, ദിനമണിക്ക് പറ്റുന്ന അബദ്ധങ്ങള്‍ പുറത്തു പറയാന്‍ കൊള്ളാത്തവയുമായിരുന്നു.

ഏതൊരു പെണ്‍കുട്ടിയുടെതും പോലെ സാധാരണമായിരുന്നില്ല ദിനമണിയുടെ അബദ്ധങ്ങളുടെ തുടക്കം. ചോദ്യങ്ങള്‍ ചോദിക്കാത്ത ഭാഷദ്ധ്യപകരോടോ ടിക്കറ്റ് മുറിക്കാത്ത കണ്ടക്ട്ടരോടോ ദിനമണിക്ക് അനുരാഗം തോന്നിയില്ല. അങ്ങനെ തോന്നിയ കൂട്ടുകാരികളെ ദിനമണി പുച്ചിച്ചതുമാണ്. ബസ്ടോപ്പിലോ ഐസ്ക്രീം പാര്ലരിലോ ദിനമണിയുടെ ചര്യകളെ ആര്‍ക്കെങ്കിലും സ്വധീനിക്കാനുമായില്ല. ദിനമണി കൂട്ടുകാരികളുടെ നട്ടെല്ലുള്ള നേതാവായതങ്ങനെയാണ്.

പക്ഷെ എത്ര നാള്‍ ? ദിനമണിക്കും വിരസത തോന്നി. എക്സിബിഷന്‍ ഗ്രൌണ്ടുകളില്‍ പോകാനും, രുചിയേറിയ ബെര്‍ഗരുകള്‍ക്ക് മുതല്‍ മുടക്കാനുമൊരാള്‍, അത്രയൊക്കെയെ ദിനമണിക്കുധേശ്യമുണ്ടായിരുന്നുള്ളൂ.
രത്തന്റെ ശനിദശ തുടങ്ങുന്നതവിടെയാണ്. രത്തന്‍ പൊക്കം കുറഞ്ഞ ഒരു കച്ചവടക്കാരനായിരുന്നു. അയാള്‍ എന്ത് കച്ചവടം ചെയ്യുന്നു എന്നത് ദിനമണിക്കൊരു പ്രശ്നമായിരുന്നില്ല. ഏതായാലും അയാളുടെ പോക്കറ്റില്‍ എപ്പോഴും നോട്ടുകളുണ്ടായിരുന്നു. അയാള്‍ വളരെ മൃദുവായി സംസാരിച്ചു. രത്തന്‍ അറിഞ്ഞോ അറിയാതെയോ എപ്പോഴൊക്കെയോ ദിനമണിയുടെ മൃദുലവികാരങ്ങള്‍ ഉണര്‍ന്നു. പക്ഷെ ഇരുമ്പു കച്ചവടക്കാരനായ രത്തന് പെണ്‍ മനസുകളുടെ ഗേജുവ്യത്യാസങ്ങള്‍ അറിയുവാനുള്ള കഴിവില്ലായിരുന്നു.

ഒരു വിദേശ കമ്പനിയുടെ രാത്രിപ്പണിക്കാരനായ കമലേഷിനു തന്റെ മോഹങ്ങള്‍ സഫലീകരിക്കാനാവും എന്ന് ദിനമണിക്ക് തോന്നി. അവര്‍ ലോകത്തുള്ള എല്ലാ വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഒപ്പം ദിനമണി ആഗ്രഹിച്ച വിഷയങ്ങളും. എല്ലാം ദിനമണിയുടെ ഇംഗിതം പോലെ നടക്കവേയാണ് കമലേഷിന്റെ അമ്മക്ക് കുഞ്ഞിക്കാലുകളെപ്പറ്റി ഓര്‍മ്മ വരുന്നതും അകന്ന ബന്ധത്തിലുള്ള നമിത ആ കൊണ്ട്രാക്റ്റ് ഏറ്റെടുക്കുന്നതും. ദിനമണി വീണ്ടും ഏകയായി.

ദിനമണി ആനച്ചന്തവും കണ്ണുകളില്‍ കാമാസക്തി ഉറങ്ങുന്നവളുമായിരുന്നു. അതിനാലാവാം വഴിപിഴച്ച പുരുഷ പ്രജകളുടെ മനസ്സില്‍ അവള്‍ അതിവേഗം സ്ഥാനം പിടിച്ചിരുന്നത്. അവള്‍ക്ക് പക്ഷെ ഇത്തരക്കാരോട് പുച്ഛമായിരുന്നു. ദിനമണിയുടെ പുച്ഛത്തിനു ഇരയാകാത്തവര്‍ക്കാകട്ടെ  അവളില്‍ നല്ലതെന്തെങ്കിലും ദര്‍ശിക്കാന്‍ കഴിഞ്ഞതുമില്ല
.

മൃത്യുജ്ഞയനെ ആദ്യമായി കണ്ടത് ദിനമണി ഓര്‍ക്കുന്നുണ്ട്.  അത്തരക്കാരെ ദിനമണി അധികം കണ്ടിട്ടില്ല. മൃത്യുജ്ഞയനെ വീണ്ടും കണ്ടപ്പോള്‍ ദിനമണിക്ക്  അയാളില്‍ എന്തെന്നില്ലാത്ത കൌതുകം തോന്നി. മറ്റാരോടെങ്കിലും സദൃശ്യപ്പെടുത്താവുന്നവ ആയിരുന്നില്ല അയാളുടെ രൂപചലനങ്ങള്‍. പുതുമ തേടിയുള്ള യാത്രക്കിടെ കണ്ടെത്തിയ ആ പുതുരൂപത്തെ അവള്‍ക്കിഷ്ട്ടമായി. പക്ഷെ അയാളൊന്നു നോക്കിയിട്ട് വേണ്ടേ തന്റെ ഇംഗിതമൊന്നറിയിക്കാന്‍. പക്ഷെ മൃത്യുജ്ഞയന്‍ അവളെ നോക്കാതിരിക്കുക തന്നെ ചെയ്തു.

"എന്നേ നോക്കാത്തതെന്തേ?" ഒരിക്കല്‍ ക്ഷമ കേട്ട് അവള്‍ ചോദിച്ചു.
മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയതിന്റെ തീവ്രതയില്‍ അവളുടെ കൃതൃമഭാവങ്ങള്‍ അലിഞ്ഞാവിയായി പോയി.
"അരുതാത്തതെന്തെങ്കിലും പറഞ്ഞെങ്കില്‍ ക്ഷമിക്കണം.." അവള്‍ വിനയം നടിച്ചു.
മൃത്യുജ്ഞയന്‍ ഒന്നുമുരിയാടാതെ തിരിഞ്ഞു നടന്നു.
" പിന്നേ.. ഞാനിഷ്ട്ടപ്പെടും.." ദിനമണി പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു. അവള്‍ കള്ളം പറഞ്ഞതായിരുന്നു.
"ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ?"  മൃത്യുജ്ഞയന്റെ തിരിഞ്ഞു നിന്നുള്ള ചോദ്യം ദിനമണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
"ഉവ്വ്.." മനസ് തീരുമാനിക്കും മുന്‍പ് അവളുടെ മറുപടി പുറത്തു വന്നു.
"എങ്കില്‍ വരൂ... വിജനമായ ആ ആല്‍മരച്ചുവട്ടിലേക്ക് പോകാം .." മൃത്യുജ്ഞയന്‍ അവളുടെ മുഖത്ത് ഒരുത്തരം പ്രതീക്ഷിച്ചു നിന്നു. ദിനമണി ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്.
"പറഞ്ഞത് കേട്ടില്ലേ, പരിശുദ്ധയാണെങ്കില്‍ നിനക്ക് വരാം.."
ദിനമണി വീണ്ടും നടുങ്ങി. മുള്ള്മുന പോലെ കുത്തിക്കയരുന്ന ചോദ്യത്തിന്റെ പ്രതിധ്വനികളില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍ മൃത്യുജ്ഞയന്റെ പിറകെ സാവധാനം ചലിച്ചു. ഒട്ടു നേരം അവര്‍ നിശബ്ദരായി നടന്നു. എപ്പോഴോ അവള്‍ നഷ്ട്ടപ്പെട്ട ചിന്താശക്തി  വീണ്ടെടുത്തു. താന്‍ ശരിക്കും തോല്പ്പിക്കപ്പെട്ടതായി അവള്‍ക്ക് തോന്നി. താന്‍ അയാളെ ആഗ്രഹിച്ചെന്നത് സത്യം, എന്ന് കരുതി .....
"ഹേയ്‌, ഞാന്‍ പോകുന്നു..." അവള്‍ വാക്കുകള്‍ക്ക് ഘനം കൂട്ടി പറഞ്ഞു.
"നീ പോകും, നീ പോകണം.."  തിരിഞ്ഞു നോക്കാതെയാണ്‌ മൃത്യുജ്ഞയന്‍ അത്രയും പറഞ്ഞത്. ദിനമണിക്കൊന്നും മനസിലായില്ല. അവള്‍ അയാളുടെ പിറകെ തന്നെ നടന്നു.
വിജനമായ ആല്‍മരച്ചുവട്ടില്‍ അയാള്‍ നടപ്പ് നിര്‍ത്തി.
"എന്തെ നീ പോയില്ല?" അവള്‍ ഒന്നും മിണ്ടിയില്ല.
"പൊയ്ക്കോ.." അയാള്‍ പറഞ്ഞു. അവള്‍ അയാളെ അദ്ഭുതതോടെ നോക്കുകയാണ്.
"ഞാന്‍ പോണില്ല.." അവള്‍ സാവധാനം ചെന്ന് അയാളുടെ അരികിലിരുന്നു. ഒട്ടു നേരം അവളുടെ കണ്ണുകളിലേക്കു നോക്കിയ ശേഷം മൃത്യുജ്ഞയന്‍ അവളെ പുണര്‍ന്നു.

എങ്ങനെയാണിയാളെ സ്വന്തമാക്കുക?  സ്വാനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയ പുരുഷന്റെ മന:ശാസ്ത്രം ദിനമണി പലര്‍ക്കും ഉപദേശിച്ചിട്ടുള്ളതാണ്. പുരുഷന് നായയുമായി അപാര സാദൃശ്യമുണ്ടത്രെ.  വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് വലിയ സ്നേഹമില്ല, എന്നാല്‍ ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലാട്ടി പിറകെയുണ്ടാവും..  പക്ഷെ എല്ലാമറിയാമെന്നു കരുതിയിട്ടും ദിനമണി ശരിക്കും കഷ്ട്ടപ്പെടുകയായിരുന്നു,  മൃത്യുജ്ഞയനില്‍ നിന്നു ചിലതെങ്കിലുമൊക്കെ സൂക്ഷിച്ചു വയ്ക്കാന്‍..

ദിനമണി കാത്തിരിക്കുകയാണ് മൃത്യുജ്ഞയന് വേണ്ടി.  ഒരര്‍ത്ഥത്തില്‍ ദിനമണിക്കതിനു സമയമുണ്ട്. പ്രായം ഇരുപതു തികഞ്ഞിട്ടില്ല, വീട്ടില്‍ പ്രാരാബ്ദങ്ങളുമില്ല. ദിനമണിയുടെ ആഗ്രഹങ്ങള്‍ ആരും സാധിക്കാതെയുമിരുന്നില്ല. പക്ഷെ മൃത്യുജ്ഞയന്‍, അയാള്‍ ദിനമണിയെ ഭ്രാന്തു പിടിപ്പിക്കുകയാണ്.
"നീ വരുന്നോ?" ഒരിക്കല്‍ മൃത്യുജ്ഞയന്‍ അവളോട്‌ ചോദിച്ചു.
"എങ്ങോട്ട്?" അവള്‍ ചോദിച്ചു.
"ആല്‍മരച്ചുവട്ടിലേക്ക്.." ഇതും പറഞ്ഞു അയാള്‍ നടന്നുതുടങ്ങിയിരുന്നു. ദിനമണിയുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം വിരിഞ്ഞു. അവള്‍ അയാളെ അനുഗമിച്ചു. മൃത്യുജ്ഞയന്‍ ഒരു വാലാട്ടി നായയായി മാറുന്നത് അവള്‍ മനസ്സില്‍ കണ്ടു.

ആല്‍മരച്ചുവട്ടില്‍ മൃത്യുജ്ഞയന്‍ ഇരുന്നു. ദിനമണി ഒപ്പമിരിക്കണമെന്നു അയാള്‍ പ്രതീക്ഷിച്ചിരിക്കണം. അവള്‍ പക്ഷെ നിലത്തു തറഞ്ഞ ഒരു വേരില്‍ ചാരി നില്‍ക്കുകയാണ്.
"ഇരിക്കൂ..." അയാള്‍ പറഞ്ഞു.
"വേണ്ട, ഞാന്‍ നിന്നോളം .."
"അതെന്താ അങ്ങനെ?"
"എനിക്ക് ചിലത് പറയാനുണ്ട്."
"പറയൂ.."
"എന്നെ വിവാഹം കഴിക്കുമോ?"
"ഇല്ല.." അയാള്‍ നിലത്തെവിടെയോ നോക്കി ലഘുവായി പറഞ്ഞു.
"ഞാനിഷ്ട്ടപ്പെട്ടു പോയി.."
"ഭരണഘടന അതനുവദിക്കുന്നുണ്ട്.."
"നിങ്ങളെ പോലൊരാളെ ഞാന്‍ കണ്ടിട്ടില്ല.."
"അങ്ങനെ വന്നാല്‍പിന്നെ എന്റെ പ്രസക്തി എന്താണ്?"
"നിങ്ങളാണ് യഥാര്‍ത്ഥ പുരുഷന്‍.."
"ഹ ഹ ഹ.."
"നിങ്ങളുടെ നീണ്ട കരങ്ങള്‍ ഈ ആല്‍മരത്തിന്റെ വേരുകള്‍ പോലെയെനിക്ക് തോന്നുന്നു."
".............."
"നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റില്ല.."
"നീ പറഞ്ഞതൊക്കെ സത്യമാവാം.." അയാള്‍ നിലത്തു നോക്കിത്തന്നെ പറഞ്ഞു.
"എങ്കില്‍ പറ, നമുക്കൊന്നിച്ച്‌ ജീവിക്കാം..." അവള്‍ ആകാംക്ഷയോടെ അയാളെ നോക്കി നിന്നു..
"പക്ഷെ നിന്നില്‍ മേല്‍പ്പറഞ്ഞ യാതൊന്നുമില്ലല്ലോ ? " മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ കണ്ണുകളില്‍ വിടര്‍ന്ന ജാള്യത ഒരു നിമിഷം കൊണ്ട് ദേഷ്യമായി മാറി. മൃത്യുജ്ഞയന്‍ സാവധാനം എണീറ്റു, പിന്നെ തിരിഞ്ഞു നടന്നു.
"ഒന്ന് നില്‍ക്കൂ.." ദിനമണിയുടെ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നിന്നു.
"ഈ ആല്മരച്ചുവട്ടിലെങ്കിലും എന്നോടല്‍പ്പം കരുണ...." അവള്‍ യാചിക്കുകയാണ്.മൃത്യുജ്ഞയന്‍ ഒരു നിമിഷം അവളെത്തന്നെ നോക്കി. പിന്നെ ആല്‍മരച്ചുവട്ടിലേക്ക് തിരിഞ്ഞു നടന്നു. ദിനമണിക്കാശ്വസമായി.. അവള്‍ കിതക്കുകയോ തേങ്ങുകയോ ഒക്കെ ചെയ്തു. ഏതായാലും മൃത്യുജ്ഞയന്‍ എന്ന നായ കൂര്‍ക്കം വലിച്ചുറങ്ങി..

14 അഭിപ്രായങ്ങൾ:

ജിത്തു പറഞ്ഞു...

ദിനമണികളുടെ കാലമാ ഇത്.. സൂക്ഷിക്കണം

പട്ടേപ്പാടം റാംജി പറഞ്ഞു...

"നിങ്ങളുടെ നീണ്ട കരങ്ങള്‍ ഈ ആല്‍മരത്തിന്റെ വേരുകള്‍ പോലെയെനിക്ക് തോന്നുന്നു."

ദിനമണിയും മൃത്യുന്ജ്ജയനും.
രണ്ട് നല്ല കഥാപാത്രങ്ങള്‍.
എനിക്കിഷ്ടായി കഥ.

Unknown പറഞ്ഞു...

കഥ വായിച്ചു.അസ്സലായിട്ടുണ്ട്.ഇനിയും വരാം
www.tomskonumadam.blogspot.com

Manoraj പറഞ്ഞു...

കഥ വായിച്ചു. നല്ല കഥാപാത്രങ്ങള്‍.
എനിക്കിഷ്ടായി കഥ.

താരകൻ പറഞ്ഞു...

കഥകൊള്ളാം...പക്ഷെ ഹെഡിംഗ് ആൽ മരചുവട്ടിൽ ...എന്നുമാത്രം മതിയായിരുന്നില്ലേ?

കണ്ണനുണ്ണി പറഞ്ഞു...

സത്യമാ...
ദിന മണികളുടെ കാലമാ ഇത്

Sinochan പറഞ്ഞു...

വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് ഒരു സ്നേഹവുമില്ല, ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലും ചുരുട്ടി കാല്ച്ചുവട്ടിലിരിക്കും, എത്ര കാലം വേണമെങ്കിലും..

സത്യമല്ലേ ഇതു എന്ന് ആണുങ്ങള്‍ ചിന്തിച്ചു നോക്കണം...നന്നായിരിക്കുന്നു ഷൈന്‍.

മൂവന്തി പറഞ്ഞു...

പിടി വിട്ടുപോകേണ്ട ഒരു കഥ നല്ല മിതത്വതോടെ പറഞ്ഞു. ആല്‍മരച്ചുവട്ടില്‍ ദിനമണിയുടെയും മൃത്യുജ്ഞയന്റെയും ഒരു കാരിക്കേച്ചര്‍ മിസ്സ്‌ ചെയ്യുന്നു.

Anil cheleri kumaran പറഞ്ഞു...

പുരുഷന് നായയുമായുള്ള സാദൃശ്യം ദിനമണി പല രീതിയില്‍ സ്ഥാപിച്ചു തരും. വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് ഒരു സ്നേഹവുമില്ല, ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലും ചുരുട്ടി കാല്ച്ചുവട്ടിലിരിക്കും, എത്ര കാലം വേണമെങ്കിലും..

അതൊരു അടിയായിപ്പോയല്ലോ.

hope and love പറഞ്ഞു...

touching..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hridayathe vallathe sparshichu........

അന്വേഷകന്‍ പറഞ്ഞു...

നന്നായിരിക്കുന്നു. ദിനമണികള്‍ കുരെയെരെയുണ്ട് ഇവിടൊക്കെ..

Shine Kurian പറഞ്ഞു...

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.

Unknown പറഞ്ഞു...

പുരുഷന് നായയുമായുള്ള സാദൃശ്യം ദിനമണി പല രീതിയില്‍ സ്ഥാപിച്ചു തരും. വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് ഒരു സ്നേഹവുമില്ല, ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലും ചുരുട്ടി കാല്ച്ചുവട്ടിലിരിക്കും, എത്ര കാലം വേണമെങ്കിലും....

ഇങ്ങനെ എഴുതണമായിരുന്നോ ?
കഥ നന്നായി